അറിവും വിജ്ഞാനവും സാമൂഹിക, മാനുഷിക മൂല്യങ്ങൾ വളർത്താൻ പ്രചോദനമാകണം -മന്ത്രി കെ.ടി. ജലീൽ

272

തിരുവനന്തപുരം : അറിവും വിജ്ഞാനവും സാമൂഹിക, മാനുഷിക മൂല്യങ്ങൾ വളർത്താനും സമൂഹത്തോടുള്ള കടപ്പാട് വർധിക്കാനും പ്രചോദനമാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. കേരള-ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ 71-ാമത് എൻ.സി.സി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിലല്ല അറിവ് അളക്കപ്പെടേണ്ടത്. പെരുമാറ്റം, സാമൂഹ്യ കാഴ്ചപ്പാട് എന്നിവയിൽ നാം നേടുന്ന വിദ്യാഭ്യാസത്തിന്റെ പ്രതിഫലനം വേണം. ഇത്രയധികം സാംസ്‌കാരിക വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ നാനാത്വത്തിൽ ഏകത്വമാണ് ദേശീയതയുടെ ആണിക്കല്ല് എന്ന് നാം മനസിലാക്കണം. ആത്മവിശ്വാസമുള്ള യുവതലമുറയെയാണ് നാടിനാവശ്യം. വിവേചനങ്ങൾ അവസാനിക്കുകയും അനീതികൾ നിലയ്ക്കുകയും വേണം. സൗഹാർദ്ദപൂർണമായ അന്തരീക്ഷം ഉയർന്നുവരാൻ നമ്മുടെ കാമ്പസുകൾക്ക് നേതൃത്വം നൽകാനാവണം.

എല്ലാ പരിഷ്‌കരണങ്ങൾക്കും തുടക്കം കുറിച്ചത് കാമ്പസുകളിലാണ്. ഭാസുരമായ തലമുറയെ സൃഷ്ടിക്കാൻ അച്ചട ക്കത്തിന്റെ സന്ദേശം പകർന്നുനൽകാനാണ് എൻ.സി.സി പോലുള്ള സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി മന്ത്രിയെ സ്വീകരിച്ചു.

മാർച്ച് പാസ്റ്റ്, ബാൻഡ് ഡിസ്പ്ലേ, മൈക്രോ ലൈറ്റ് ഫ്ളൈ പാസ്റ്റ്, കുതിര സവാരി, കലാപരിപാടികൾ തുടങ്ങിയവ അവതരിപ്പിച്ചു. എൻ.സി.സി അഡീ. ഡയറക്ടർ ജനറൽ മേജർ ജനറൽ ബി.ജി. ഗിൽഗാഞ്ചി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ഡയറക്ടർ ജനറൽ എസ്.എൽ. ജോഷി, ബ്രിഗേഡിയർ ജി.ജെ.എസ്. ബഗിയാന, മറ്റ് ഗ്രൂപ്പ് കമാൻഡർ മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS