ഇനി ഞാനൊഴുകട്ടെ: നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് 14 ന് തുടക്കമാകും

92

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന നീർച്ചാൽ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ- നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ നടക്കും. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തിലൂടെ ആയിരത്തോളം നീർച്ചാ ലുകളുടെ വീണ്ടെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരും പ്രാദേശികതല ഉദ്ഘാടനം എം.എൽ.എമാരും മറ്റു സാംസ്‌കാരിക നായകൻമാരും നിർവഹിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്ത ത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. നീർച്ചാലുകളുടെയും തോടുകളുടെയും ശുചീകരണവും ആഴം വർധിപ്പിക്കലുമാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.

ആവശ്യമുള്ളിടത്തെല്ലാം യന്ത്രസഹായവും തേടുന്നുണ്ട്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ തലങ്ങളിലെ സാങ്കേതിക സമിതികൾക്കാണ് പ്രവർത്തനങ്ങളുടെ മേൽനോട്ടം. ശുചിയാക്കുന്ന നീർച്ചാലുകളുടെ സംരക്ഷണത്തിനായി ജനകീയ സമിതിക്ക് രൂപം നൽകുമെന്ന് ഹരിതകേരളം മിഷൻ വൈസ്ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ അറിയിച്ചു.

NO COMMENTS