ന്യൂഡല്‍ഹി: ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികളെ വീണ്ടും ലാത്തിച്ചാര്‍ജ് ചെയ്ത് ഡല്‍ഹി പോലീസ്. രാഷ്ട്രപതിഭവന് ലക്ഷ്യമാക്കി തിങ്കളാഴ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച വിദ്യാര്‍ഥികളെ സരോജിനി നഗറിനു സമീപമാണു പോലീസ് നേരിട്ടത്.
പ്രതിഷേധക്കാര്‍ ഭിക്കാജി കാമ പാലസ് മെട്രോ സ്റ്റേഷന് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ യൂണിഫോമിലും മഫ്തിയിലുമുണ്ടായിരുന്ന പോലീസുകാര്‍ കായികമായി നേരിട്ടു. നിരവധി വിദ്യാര്‍ഥികള്‍ക്കു ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
ഒരു മാസം നീണ്ട പ്രതിഷേധം ഫലം കാണാത്തതോടെയാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചത്. ഹോസ്റ്റല്‍ ഫീസ് 300 ശതമാനം വര്‍ധിപ്പിച്ച നടപടി പൂര്‍ണമായി പിന്‍വലിക്കണമെന്നാണു വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ ജെഎന്‍യു അഡ്മിനിസ്ഷ്രേന്‍ ഈ ആവശ്യത്തോട് ഇതുവരെ അനുകൂലമായ സമീപനം കൈക്കൊണ്ടിട്ടില്ല.
പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഫീസ് വര്‍ധനവ് ഭരണകൂടം ഭാഗികമായി പിന്‍വലിച്ചെങ്കിലും പൂര്‍ണമായും പിന്‍വലിക്കാതെ പ്രതിഷേധത്തില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണു വിദ്യാര്‍ഥികള്‍. ഈ ആവശ്യം ഉന്നയിച്ചു വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്കു കത്തയച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ജെഎന്‍യു വിസി രാജിവയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.