കോട്ട: ബോളിവുഡ് നടി പായല്‍ റോഹ്തഗിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. സമൂഹമാധ്യമങ്ങളില്‍ നെഹ്റു കുടുംബത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പായലിന്റെ ജാമ്യാപേക്ഷ ബുന്ദി ജില്ലാ കോടതി തള്ളി. ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് പായലിന്റെ അഭിഭാഷകന് അറിയിച്ചു.ഈ മാസം 24 വരെയാണ് കോടതി ജുഡീഷല്‍ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നടിയുടെ അഹമ്മദാബാദിലെ വസതിയില്‍ റെയ്ഡ് നടത്തിയാണ് രാജസ്ഥാന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മോട്ടിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു, കമല നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവരെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ്ചെയ്തുവെന്നാണ് നടിക്കെതിരേയുള്ള പരാതി. യൂത്ത് കോണ്‍ഗ്രസ് രാജസ്ഥാന് യൂണിറ്റ് സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളുടെയും പരാതിയിലാണു നടപടി.
കഴിഞ്ഞ സെപ്റ്റംബര്‍ ആറ്, 12 തീയതികളിലാണ് വിവാദവീഡിയോ നടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്. കേസില്‍ മുന്‍കൂര്‍ജാമ്യം തേടി കഴിഞ്ഞ വ്യാഴാഴ്ച അവര്‍ കോടതിയെ സമീപിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് രാജസ്ഥാന് മുഖ്യമന്ത്രി തനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നും നടി ആരോപിച്ചിരുന്നു.