ന്യൂഡല്‍ഹി:ഉചിതമായ അന്വേഷണം ഹൈക്കോടതികള്‍ പരിഗണിക്കും. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഡ് സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ പോലീസ് നടപടിയില്‍ ജുഡീഷല്‍ അന്വേഷണം നിഷേധിച്ച് സുപ്രീം കോടതി. പോലീസ് നടപടിക്കെതിരെ ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.ഞായറാഴ്ച വൈകുന്നേരം വിദ്യാര്‍ഥികള്‍ക്കു നേരേ ഡല്‍ഹി പോലീസ് നടത്തിയ അക്രമം മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗ്, കോളിന് ഗോണ്‍സാ ല്വസ് എന്നിവരാണു കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ക്രൂരമായ മനുഷ്യാവകാശ ലംഘനമാണു വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം. അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തതാ ണെന്നും ഇന്ദിര ജയ്സിംഗ് ചൂണ്ടിക്കാട്ടി.അക്രമങ്ങള്‍ അവസാനിപ്പിച്ചെങ്കിലേ ഹര്‍ജി പരിഗണിക്കൂയെന്നും സുപ്രീം കോടതി ഇന്നലെ അറിയിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കു മെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തിന് മുന്‍ ജഡ്ജിമാരെ നിയോഗിക്കുന്നതും ഹൈക്കോടതികള്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.