തിരുവനന്തപുരം : പുഷ്പകൃഷിയുടെ സാധ്യതകൾ കേരളത്തിൽ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കനകക്കുന്നിൽ പുഷ്പ-ഫലപ്രദർശനമേള ‘വസന്തോത്സവ’ ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഷ്‌പോത്പാദന മേഖലയിൽ വളരെയേറെ സാധ്യതകളുണ്ട്. ഈരംഗത്ത് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് സർക്കാർ കാണുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നത്ര പുഷ്പങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല. സാധാരണ കാർഷികമേഖലകൾക്കപ്പുറം കൃഷിക്കാർക്ക് മികച്ച ആദായം ഉണ്ടാക്കാൻ കഴിയുന്ന രംഗമാണിത്. ടൂറിസം മേഖലയാകെ മികച്ച രീതിയിൽ ശക്്തിപ്പെടുത്താനാകുന്ന നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയുടെ കർട്ടൻറൈസറാണ് വസന്തോത്സവമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൂക്കൾ മാത്രമല്ല, കൃഷിവകുപ്പിന്റെ സ്റ്റാളുകൾ, ഔഷധോദ്യാനം, വനംകാഴ്ചകൾ, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാർന്ന അനുഭവമാണിവിടെ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ യാകെ വർണവസന്തമായി അവധിക്കാലത്ത് ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായാണ് വസന്തോത്സവം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മേയർ കെ. ശ്രീകുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ടൂറിസം അഡീ: ഡയറക്ടർ കൃഷ്ണതേജ എന്നിവർ സംബന്ധിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറഞ്ഞു.
ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി മൂന്നുവരെയാണ് കനകക്കുന്ന് കൊട്ടാരവളപ്പിൽ ‘വസന്തോത്സവം’ നടക്കുന്നത്.