ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോണ്ഗ്രസ് സംഘടിപ്പിക്കുന്ന സത്യാഗ്രഹം തിങ്കളാഴ്ച ഉച്ചയ്ക്ക മൂന്നു മുതൽ എട്ടു വരെ രാജ്ഘട്ടിൽ നടക്കും. കോണ്ഗ്രസ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെ മുതിർന്ന പാർട്ടി നേതാക്കളും ധർണയിൽ പങ്കെടുക്കും.
ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണു തിങ്കളാഴ്ചത്തേക്കു മാറ്റിയത്. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്കും കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കോണ്ഗ്രസ് കോർ കമ്മിറ്റി യോഗം നിർദേശം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നു രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നു രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സന്പദ് വ്യവസ്ഥ നശിപ്പിച്ചതു കാരണവും തൊഴിലില്ലായ്മ കാരണവും യുവാക്കളുടെ രോഷത്തെ നേരിടാൻ അവർക്ക് കഴിയാത്തതുകൊണ്ടാണു രാജ്യത്തെ ഭിന്നിപ്പിക്കുന്നത്. ഇതിനെ നേരിടാൻ സ്നേഹം കൊണ്ടുമാത്രമേ സാധിക്കുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.