കാസറകോട് : പൊളിഞ്ഞു തുടങ്ങിയ, അടച്ചുറപ്പില്ലാത്ത കൂരകളില്‍ ഭയത്തോടെ അന്തിയുറങ്ങിയ കേരളത്തിലെ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ സ്വന്തം ഭവനമെന്ന സ്വപനം പൂര്‍ത്തിയായി ക്കഴിഞ്ഞു. ലൈഫ് മിഷന് പദ്ധതിയുടെ രണ്ടാം ഘട്ടമായ ലൈഫ് മിഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താ ക്കള്‍ക്കായി ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും.2020 ജനുവരി 26 ന് സംസ്ഥാനതലത്തില്‍ രണ്ട് ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.
അദാലത്തില്‍ പങ്കെടുക്കുന്ന വകുപ്പുകളും സേവനങ്ങളും
ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് നടത്തുന്ന കുടുംബ സംഗമത്തോടൊപ്പം അദാലത്തും നടത്തും. അദാലത്തില്‍ വിവിധ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള പരിപാടികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ലൈഫ് ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭ്യമാകേണ്ട വിവിധ സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭിക്കാന്‍ ഓരോ സംഗമ വേദിയിലും സ്റ്റാളുകള്‍ സജ്ജമാക്കും.
അക്ഷയ വഴി ആധാര്‍ തിരുത്തല്‍, ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ്, ലീഡ് ബാങ്ക്,റീജ്യണല്‍ ബാങ്ക് എന്നിവ വഴി ബാങ്ക് അക്കൗണ്ട്, സിവില്‍ സപ്ലൈസ് വഴി റേഷന്‍ കാര്‍ഡ് തിരുത്തല്‍, ഗ്യാസ് ഏജന്‍സികള്‍ വഴി പ്രധാന മന്ത്രി ഉജ്വല്‍ യോജന, ശുചിത്വ മിഷന് വഴി സ്വച്ച് ഭാരത് അഭിയാന്, കുടുംബശ്രീ വഴി ഡി.ഡി.യു.ജി.കെ.വൈ (തൊഴില്‍ പരിശീലനം), എം.ജി.എന്‍.ആര്.ഇ.ജി.എസ് വഴി തൊഴില്‍ കാര്‍ഡ്, വ്യവസായ വകുപ്പ് വഴി ചെറുകിട തൊഴില്‍ സംരംഭങ്ങള്‍, ഫിഷറീസ് വകുപ്പ് വഴി മത്സ്യ കൃഷി, ബാംബു കോര്പ്പറേഷന് വഴി മുള കൃഷി, ഡയറി ഡിപ്പാര്‍ട്ട്മെന്റ് വഴി ഡയറി വകുപ്പ് പദ്ധതികള്‍, കൃഷി വകുപ്പ് വഴി കൃഷി വകുപ്പ് പദ്ധതികള്‍, ബ്ലോക്ക് പഞ്ചായത്ത് വഴി എം.കെ.എസ്.പി പദ്ധതികള്‍, പട്ടിക വര്‍ഗ്ഗ വകുപ്പ് വഴി പട്ടികവര്‍ഗ്ഗ വകുപ്പ് പദ്ധതികള്‍, പട്ടികജാതി വകുപ്പ് വഴി പട്ടികജാതി വി വകുപ്പ് പദ്ധതികള്‍, ആരോഗ്യ വകുപ്പ് വഴി ആരോഗ്യ വകുപ്പ് പദ്ധതികള്‍, സാമൂഹ്യ നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ് വഴി സാമൂഹ്യക്ഷേമ പദ്ധതികള്‍, റവന്യൂ വകുപ്പ് വഴി റവന്യൂ രേഖകള്‍, പഞ്ചായത്ത് വകുപ്പ് നഗരകാര്യ വകുപ്പ് വഴി സാമൂഹ്യ സുരക്ഷാ പെന്ഷന് തുടങ്ങിയ സേവനങ്ങള്‍ അദാലത്തില്‍ ലഭിക്കും.
ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ഗൃഹ നിര്‍മ്മാണ സാമഗ്രികള്‍
ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ പ്രധാന കമ്പനികളുടെ നിര്‍മ്മാണ സാമഗ്രികള്‍ ഇപ്പോള്‍ നല്കി വരുന്നുണ്ട്. വീട് പണി പൂര്‍ത്തികരിച്ച ഗുണഭോക്താക്കള്‍ക്ക് പെയിന്റ്, ടയില്സ്, ഇലക്ട്രിക്കല്‍ ഫിറ്റിംഗ്സ് തുടങ്ങി പല നിര്‍മ്മാണ സാമഗ്രികള്‍ ആവശ്യമായി വരും. വിലക്കുറവില്‍ സാധനങ്ങള്‍ നല്കുന്ന കമ്പനികളുടെ സാധനങ്ങളുടെ പ്രദര്‍ശനവും വിതരണവും സംഗമ വേദിയില്‍ സജ്ജീകരിക്കും.
സംഘാടക സമിതി യോഗം 24 ന്
ലൈഫ് ഗുണഭോക്താക്കളുടെ ബ്ലോക്ക്- ജില്ലാ- മുന്‍സിപ്പല്‍തല സംഗമങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനും ജില്ലാതല സംഗമത്തിന്റെ നടത്തിപ്പിനുമുള്ള സംഘാടകസമിതി,സബ്കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള കൂടിയാലോചനാ യോഗം ഡിസംബര്‍ 24 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. റവന്യു- ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും