കാസർകോട്: കായിക വകുപ്പ് സംസ്ഥാനത്തെ ഒമ്പത് കേന്ദ്രങ്ങളില്‍ അനുവദിച്ച സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ കാഞ്ഞങ്ങാട് നഗര ത്തില്‍ സ്ഥാപിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്‌പോര്‍ട്‌സ് സെന്റര്‍ കൂടിയാലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഫിറ്റ്‌നസ് സെന്ററിന് 3500 ച. അടി വിസ്തൃതിയാണുണ്ടാവുക. പുതിയതായി കാഞ്ഞങ്ങാട് നിര്‍മ്മിക്കുന്ന ടൗണ്‍സ്‌ക്വയറിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കാന്‍ യോഗം തിരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ഡോ ഡി സജിത്ത് ബാബു,കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍,എ.ഡി.എം. എന്‍.ദേവിദാസ്, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു