തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് യോജിച്ച പ്രതിഷേധങ്ങൾക്ക് രൂപം നൽകാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. ഇതിനായി മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കും. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും മത- സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ സർവകക്ഷിയോഗം ബിജെപി ബഹിഷ്കരിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത ബിജെപി നേതാക്കൾ ചരിത്രകോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി നടന്ന പ്രതിഷേധത്തിൽ അപലപിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ച് ചേർക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ഗവർണർക്കെതിരായ അക്രമത്തിൽ അപലപിച്ച് പ്രമേയം പാസാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ യോഗം ബിജെപി നേതാക്കൾക്ക് വഴങ്ങിയില്ല. ഇതോടെ ഇവർ യോഗം ബഹിഷ്കരിക്കുകയായിരുന്നു.