ന്യൂഡല്‍ഹി: തൊഴിലാളികളും കര്‍ഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാര്‍ഥികളും യുവജന ങ്ങളും ഉള്‍പ്പെടെ 30 കോടിയോളം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴി ലാളി– ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ദേശീയ പണിമുടക്ക്. ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാന പ്രകാ രം ചൊവ്വാഴ്‌ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ രാജ്യത്തിന്റെ സമസ്‌ത മേഖലയും അണിചേര്‍ന്നു. പണിമുടക്ക് ബുധനാഴ്‌ച അര്‍ധരാത്രി വരെ തുടരും.
ഗ്രാമങ്ങളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൃഷിയിടങ്ങളിലി റങ്ങാതെ ബുധനാഴ്‌ച ഗ്രാമീണ ഹര്‍ത്താലാ ചരിക്കും. രാജ്യത്തെ 175 കര്‍ഷക, കര്‍ഷകത്തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിലുണ്ട്. 60 ഓളം വിദ്യാര്‍ഥി സംഘടനകളും വിവിധ സര്‍വകലാശാലകളിലെ യൂണിയന്‍ ഭാരവാഹികളും പണിമുടക്കിനെ പിന്തുണയ്ക്കുന്നു.
സംസ്ഥാനത്ത് ഗതാഗതം പൂര്‍ണമായും സ്‌തംഭിക്കും. കെഎസ്‌ആര്‍ടിസി ജീവനക്കാരും പണിമുടക്കിലാണ്.
പണിമുടക്കിന് മുന്നോടിയായി നഗര–ഗ്രാമ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്‌ച രാത്രി തൊഴിലാളികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നശ്‌ചയിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, വര്‍ഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
അവശ്യ സര്‍വീസുകളായ പാല്‍, ആശുപത്രി, പത്രം എന്നിവയെയും ശബരിമല തീര്‍ഥാടക വാഹനങ്ങളെയും ടൂറിസം മേഖലയെയും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിയ തൊഴിലാളികള്‍ ബുധനാഴ്‌ച രാവിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. തുടര്‍ന്ന് 10 മുതല്‍ വൈകിട്ട് ആറുവരെ ജില്ലാ, നിയോജകമണ്ഡല കേന്ദ്രങ്ങളില്‍ സത്യഗ്രഹമിരിക്കും.