ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിട്ടത്. ഇതിനു പുറമേ, പൗരത്വ നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്ജികളിന്മേല് മറുപടി നല്കാന് കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച്ചത്തെ സമയവും കോടതി നല്കി. കേസ് ഇനി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
രണ്ടാഴ്ചയ്ക്കകം ഹര്‍ജികളില്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോള്‍, എണ്‍പതിലധികം ഹര്‍ജികളുണ്ടെന്നും, അതിനെല്ലാം മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് കേന്ദ്രത്തിന് മറുപടി നല്കാന് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.
ഇതിനു പുറമേ, പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെ പ്രശ്നങ്ങള്‍ വേറെയാണെന്നും, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്നങ്ങള്‍ വേറെയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനാല്‍ അസമിലെ ഹര്ജിക ത്രിപുരയില്‍ നിന്ന് വന്ന ഹര്‍ജികളും പ്രത്യേകം പരിഗണിക്കും. രാജ്യത്തെ മറ്റിടങ്ങളിലെ ഹര്‍ജികള്‍ വേറെയായും പരിഗണിക്കും.