നെല്ല് സംഭരണം; സപ്ലൈകോ ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15 വരെ

102

തൃശൂർ : കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണ ത്തിന്റെ രണ്ടാം ഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15 വരെ. രണ്ടാംഘട്ടത്തിൽ തീയതി നീട്ടി നൽകില്ലെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. അതിനാൽ ഈ സീസണിൽ കൃഷി തുടങ്ങിയവരടക്കം ആരും വിട്ടുപോകാതെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. 270 കോടി മൂല്യമുള്ള ഒരു ലക്ഷം ടൺ നെല്ല് സംഭരിക്കുക എന്നതാണ് സപ്ലൈകോയുടെ ലക്ഷ്യം.

ജില്ലയിൽ 5942 പേരാണ് ഇതിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയത്. 1004 ടൺ നെല്ല് ഇതിനകം സംഭരിച്ചു കഴിഞ്ഞു. 2.7 കോടി രൂപയാണ് ഇതിന്റെ മൂല്യം. 38000 പേർ ആകെ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ജൂൺ 30 വരെ സംഭരണം നീണ്ടുപോകും. ജില്ലയിൽ 41 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്.

www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ. ഓരോ പ്രദേശങ്ങളിലെയും കർഷകർ അതത് പ്രദേശത്തിന്റെ ചുമതലയുള്ള ഓഫീസർമാരുമായി ബന്ധപ്പെടണം. ഒല്ലൂക്കര, മതിലകം, മുല്ലശ്ശേരി, ചാവക്കാട്, ചാലക്കുടി, തളിക്കുളം ബ്ലോക്കുകളിൽ ഉള്ളവർ 8281286348 എന്ന നമ്പറിലും കൊടകര, ചൊവ്വന്നൂർ, മാള, ചേർപ്പ്, വെള്ളാങ്ങല്ലൂർ ബ്ലോക്കുകൾ-9496360510, പഴയന്നൂർ. അന്തിക്കാട്, ഇരിങ്ങാലക്കുട, പുഴയ്ക്കൽ, വടക്കാഞ്ചേരി ബ്ലോക്കുകൾ-9400648973 എന്നീ നമ്പറുകളിലും ബന്ധപ്പെടണം.

ജില്ലയിൽ ഇതുവരെയായി 15.50 കോടി രൂപ മൂല്യമുള്ള 5752 ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 37270 പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ച തലപ്പിള്ളി താലൂക്കിൽ നിന്ന് മാത്രം 4833 ടൺ നെല്ലാണ് ലഭിച്ചത്.

NO COMMENTS