കുമളി ∙ കേരള– തമിഴ്നാട് വനാതിർത്തികളിൽ കഞ്ചാവ് കൃഷിയും വ്യാജവാറ്റും വ്യാപകമാകുന്നു. കമ്പംമേട്ടിനു സമീപം തമിഴ്നാടിന്റെ വനഭൂമിയിൽ നട്ടുവളർത്തിയ 200 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. വനത്തിനുള്ളിൽ ഒളിപ്പിച്ച 1600 ലീറ്റർ വാഷും പിടികൂടി. ഇടുക്കി എക്സൈസ് സേനയും തമിഴ്നാട് പൊലീസും വനം വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ബോഡിമെട്ടിനു സമീപം തമിഴ്നാടിന്റെ വനഭൂമിയിലായിരുന്നു കഞ്ചാവ് കൃഷി. പാറക്കെട്ടുകൾക്കിടയിൽ തടമെടുത്ത് കൃത്യമായി വെള്ളം നനച്ചായിരുന്നു കൃഷി ചെയ്തിരുന്നത്.