ന്യൂഡല്‍ഹി : ശിക്ഷ വൈകിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണ മായേക്കുമെന്നും കരുതിക്കൂട്ടി, കണക്കുകൂട്ടലകള്‍ നടത്തി നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്ത് ശിക്ഷ പരമാവധി നീട്ടാനുള്ള ശ്രമമാണ് നിര്‍ഭയ കേസിലെ കുറ്റവാളികള്‍ നടത്തുന്നതെന്നും . ഇതുപോലെയുള്ളവര്‍ തെരു വിലിറങ്ങി നടക്കുന്നത് കൊണ്ട് പെണ്‍കുട്ടികളെ അമ്മമാര്‍ പുറത്തു വിടുന്നില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത വാദത്തിനിടെ പറഞ്ഞു
നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനായിരുന്നു ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്. എന്നാല്‍ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതി മുകേഷ് സിംഗ് തിരുത്തല്‍ ഹര്‍ജിയും, പിന്നീട് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സമര്‍പ്പിച്ചു. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയെങ്കിലും ദയാഹര്‍ജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടം പ്രതികള്‍ക്ക് ഗുണകരമായി, നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍ എന്ന് കൂടി നിര്‍ദ്ദേശമുള്ളതിനാല്‍ ഇത് ഫലത്തില്‍ എല്ലാ പ്രതികള്‍ക്കും ഗുണം ചെയ്തു.
നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികള്‍ക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തത്. പ്രതികളെ ഒരുമിച്ചു തൂക്കി ലേറ്റണം എന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രധാന വാദം. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
കുറ്റവാളികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് വിധി പറയുക.