കാസറകോട് : അത്യുത്തര കേരളത്തിലെ ഉള്‍നാടന്‍ ജല ഗതാഗത വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയൊരുണര്‍വ് നല്കുന്ന നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കും. എട്ട് കോടി രൂപ ചിലവില്‍ ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും, ഒരുകോടി 36 ലക്ഷം രൂപ ചിലവില്‍ ടൂറിസം റോഡിന്റെയും നിര്‍മ്മാണ പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന് അറിയിച്ചു.
ജില്ലയിലെ ഏക ഹൗസ് ബോട്ട് ടെര്‍മിനലാണ് കോട്ടപ്പുറത്ത് യാഥാര്‍ത്ഥ്യമാകുന്നത്. ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയിരുന്നുവെങ്കിലും കോട്ടപ്പുറം അച്ചാതുരുത്തി പാലം നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായതോടെ ഈ ഹൗസ് ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡ് സൗകര്യം തടസ്സപ്പെട്ടതിനാല്‍ ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവൃത്തി വൈകുകയായിരുന്നു.
നീലേശ്വരം നഗരസഭ മുന്‍കൈയ്യെടുത്ത് കോട്ടപ്പുറം വൈകുണ്ഠക്ഷേത്രത്തിന്റെ തെക്കുഭാഗത്തുനിന്നും പദ്ധതി സ്ഥലത്തേക്ക് തദ്ദേശവാസികളില്‍ നിന്നും സൗജന്യമായി സ്ഥലം ലഭ്യമാക്കി പുതിയതായി ഒരു ടൂറിസം റോഡിന് രൂപം നല്‍കിയതോടെ ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണത്തിന് സാഹചര്യം ഒരുങ്ങി.
നഗരസഭാ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന്റെ അധ്യക്ഷയതില്‍ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണന്, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, വാര്‍ഡ് കൗണ്‍സിലര്‍ എം. സാജിത തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ തദ്ദേശവാസികളുടെ യോഗം ചേര്‍ന്ന് ടൂറിസം റോഡിനുള്ള സ്ഥലം ലഭ്യമാക്കുകയും ഇവരുടെ നേതൃത്വത്തില്‍ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് രൂപം നല്‍കുകയും ചെയ്തു.
ഹൗസ് ബോട്ട് ടെര്‍മിനലിന്റെയും ടൂറിസം റോഡിന്റെയും നിര്‍മ്മാണം ഈ മാസം തന്നെ ആരംഭിക്കുന്ന വിധത്തില്‍ സ്ഥലം കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിന് കൈമാറിക്കഴിഞ്ഞു. ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ നിര്‍വ്വഹണം ഉള്‍നാടന്‍ ജലഗതാഗത വകുപ്പും, ടൂറിസം റോഡിന്റെ നിര്‍മ്മാണ നിര്‍വ്വഹണം ജില്ലാ നിര്‍മ്മിതി കേന്ദ്രവുമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും രണ്ടു പ്രവൃത്തികളുടെയും കരാര്‍ കാസര്‍കോട് എം.എസ്. ബില്‍ഡേഴ്സ് ആണ് ഏറ്റെടുത്തിരിക്കുന്നതെന്നും നഗരസഭാ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന് പറഞ്ഞു.