ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റി.

96

ന്യൂഡല്‍ഹി:ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ സര്‍ക്കാര്‍ പുറത്തിറക്കി.വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ ക്കെതിരെ കേസെടുക്കു ന്നതില്‍ നിസ്സംഗത കാണിച്ച പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചതിനും നേരത്തേയുള്ള കൊളീജിയം ശുപാര്‍ശ പ്രകാരവുമാണ് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേ ക്കാണ് സ്ഥലംമാറ്റം.

കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും. അദ്ദേഹം അവധിയായതിനാല്‍ ബുധനാഴ്ച കേസ് പരിഗണിച്ചത് ജസ്റ്റിസ് എസ്. മുരളീധര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു.ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീയം ഫെബ്രുവരി 12-നാണ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തിരുന്നത്.

കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച രാത്രി ശുപാര്‍ശ അംഗീകരിച്ച്‌ സ്ഥലംമാറ്റത്തിന് ഉത്തരവിടുകയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഉത്തരവെന്നാണ് നിയമമന്ത്രാലയം പറയുന്നത്.മുരളീധറിനെ സ്ഥലംമാറ്റാനുള്ള ശുപാര്‍ശ പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് നേരത്തെ ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതി കൊളീജിയത്തെ സമീപിച്ചിരുന്നു.

രാജ്യത്ത് മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് മുരളീധര്‍ പറയുകയുണ്ടായി. അക്രമം ചെറുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേശ് വര്‍മ എന്നീ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

NO COMMENTS