കാസറകോട് : ബിരിക്കുളം പുലിയങ്കുളത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാര്യനും കുടുംബവും പട്ടയത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. വില്ലേജ് ഓഫീസിലും താലൂക്കിലും കയറിയിറങ്ങി മടുത്ത കാര്യനും കുടുംബത്തിനും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബുവിന്റെ ഇടപെടലിനെ തുടര്‍ന്ന് പട്ടയമായി.
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ നെല്ലിയറ കോളനി ഊരുകൂട്ടത്തിന്റെ ഭാഗമായ കാര്യന്റെ കുടുംബത്തിന് 70 സെന്റ് ഭൂമിയുടെ പട്ടയം വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് വി.കെ പ്രകാശനടങ്ങിയ റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്കി. 15 സെന്റ് ഭൂമി വീട് നിര്‍മ്മാണത്തിനും 55 സെന്റ് ഭൂമി കൃഷി ആവശ്യത്തിനുമായാണ് കാര്യന് സര്‍ക്കാര്‍ നല്‍കിയത്. 45 വര്‍ഷമായി ഭൂമി കൈവശം വെച്ച് വരുന്ന കുടുംബത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ആശ്വാസമായെന്ന് കാര്യന്റെ മകള്‍ രമ്യാ കൃഷ്ണന് പറഞ്ഞു.
2019 ഏപ്രിലില്‍ പരപ്പ സ്കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനായി എത്തിയ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബുവിനെ നേരില്‍കണ്ട് കാര്യനും കുടുംബവും തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചു. നവംബര്‍ 19ന് ലഭിച്ച അപേക്ഷനല്‍കിയിരുന്നു. ജനുവരി 31ന് നടന്ന ജില്ലാ കളക്ടറുടെ താലൂക്ക് അദാലത്തിലും കാര്യന് അപേക്ഷ സമര്‍പ്പിച്ചു. ഇതെ തുടര്‍ന്നാണ് സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന് ഭൂമി നല്കാന് കഴിഞ്ഞതെന്ന് താലൂക്ക് താഹ്സില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന് പറഞ്ഞു.
കഴിഞ്ഞ ദിവസം വീണ്ടും കളക്ടറുമായി സംസാരിച്ച കാര്യന്റെ മകള്‍ രമ്യാ കൃഷ്ണന് ആശ്വാസമായി പട്ടയം കിട്ടി. കാര്യന്റെ ഭാര്യ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. രവീന്ദ്രനും രമ്യാ കൃഷ്ണനും മക്കളാണ്. രമ്യയും കുടുംബവും കാര്യനോടൊപ്പമാണ് കഴിയുന്നത്