പുല്‍വാമ ഭീകരാക്രമണത്തിന് സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.

105

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഷക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെയാണ് എന്‍.ഐ.എ. അറസ്റ്റ് ചെയ്ത തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു.

2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സി.ആര്‍.പി.എഫ്. അംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ വെള്ളിയാഴ്ചയാണ് ഹാജരാക്കിയത്.ലെത്‌പോര പാലത്തിനു സമീപമാണ് ഷക്കീറിന്റെ കട. മുഹമ്മദ് ഉമര്‍ ഫാറൂഖിന്റെ നിര്‍ദേശപ്രകാരം, ഇയാള്‍ ജമ്മു- ശ്രീനഗര്‍ ഹൈവേയിലൂടെ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹം കടന്നുപോകുന്നത് നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഹമ്മദ് ഉമറിനും ആദില്‍ അഹമ്മദ് ദറിന് കൈമാറുകയും ചെയ്തു.

ആദില്‍ ആക്രമണത്തിന് ഉപയോഗിച്ച കാറിന് മോഡിഫിക്കേഷന്‍ വരുത്താനും അതില്‍ അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ സംഘടിപ്പിക്കുന്നതിലും ഷക്കീര്‍ പങ്കാളായായിരുന്നു.എന്‍.ഐ.എ. നല്‍കുന്ന വിവരപ്രകാരം, പുല്‍വാമയിലെ കാകപോരയില്‍ ഗൃഹോപകരണക്കട നടത്തുകയാണ് 22കാരനായ ഷക്കീര്‍. ആദില്‍ അഹമ്മദ് ദറിന് താമസിക്കാനുള്ള സ്ഥലവും മറ്റ് സഹായങ്ങളും നല്‍കിയത് ഷക്കീര്‍ ആണെന്നാണ് സൂചന. 2018 മധ്യത്തോടെ, പാകിസ്താനി ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖാണ് ഷക്കീറിനെ ആദില്‍ അഹമ്മദ് ദറിന് പരിചയപ്പെടുത്തി ക്കൊടുത്തത്. തുടര്‍ന്ന് ആദില്‍ ഇയാളെ ജെയ്‌ഷെയുടെ മുഴുവന്‍ സമയ ഓവര്‍ഗ്രൗണ്ട് വര്‍ക്കറായി റിക്രൂട്ട് ചെയ്യുകയായിരുന്നു.

പുല്‍വാമ ആക്രമണത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള നിരവധി ജെയ്‌ഷെ ഭീകരര്‍ക്ക് പല അവസരങ്ങളിലും ആയുധങ്ങളും വെടിക്കോപ്പുകളും പണവും സ്‌ഫോടകവസ്തുക്കളും എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഷക്കീര്‍ വ്യക്തമാക്കി. ആദില്‍ അഹമ്മദ് ദറിനെയും മുഹമ്മദ് ഉമര്‍ ഫറൂഖിനെയും 2018 അവസാനം മുതല്‍ 2019 ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണം വരെ തന്റെ വീട്ടില്‍ ഒളിപ്പിച്ച്‌ താമസിപ്പിച്ചതായും ഷക്കീര്‍ സമ്മതിച്ചിട്ടുണ്ട്.

NO COMMENTS