ദില്ലി കലാപം ആസൂത്രണം നടന്നത് വാട്സ ആപ്പിലൂടെ

139

ദില്ലി: ദില്ലി കലാപത്തിന് തൊട്ട് മുന്‍പ് വിദ്വേഷം പ്രചരിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും പ്രത്യേകം വാട്സ് ആപ് ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നതായും ദില്ലി കലാപം ആസൂത്രണം നടന്നത് വാട്സ ആപ്പിലൂടെയെന്നും പോലീസ് പറഞ്ഞു. ഇതുവഴി ഓ‍ഡിയോ-വീഡിയോ സന്ദേശങ്ങളും പൗരത്വ പ്രതിഷേധ റാലികളുടെ ചിത്രങ്ങളും കൈമാറിയിരുന്നു. ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് ഈ ഗ്രൂപ്പുകളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്.

വടക്ക് കിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷങ്ങളുമായി ബന്ധമില്ലാത്ത സന്ദേശങ്ങളും പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നതായും പോലീസ് പറഞ്ഞു.എവിടെ എത്തിച്ചേരണം ഏതൊക്കെ കടകളും വീടുകളും ആക്രമിക്കണം എന്നതിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കാനും വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കലാപത്തില്‍ പ്രാദേശിക ക്രിമിനലുകളുടെ പങ്കിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ അറസ്റ്റിലായവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും പോലീസ് പറഞ്ഞു.

കേസില്‍ ഫെബ്രുവരി 24 ന് ദയാല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഷെര്‍പൂര്‍ ചൗക്കില്‍ നില്‍ക്കുമ്ബോഴാണ് തങ്ങളുടെ സമുദായത്തില്‍ നിന്നുള്ളവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടുവെന്ന് അറിഞ്ഞതെന്നും അതോടെയാണ് പ്രദേശത്തുണ്ടായ വാഹനങ്ങളും വീടുകളും ആക്രമിച്ചതെന്നും അവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

വാഹനങ്ങള്‍ തീയിടുന്നതിന് മുന്‍പ് ഉടമകളുടെ മതം അറിയാനുള്ള പരിശോധനങ്ങള്‍ നടത്തിയിരുന്നതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ലോണി, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ പെബ്രുവരി 24 ന് കലാപ മേഖലയിലേക്ക് എത്തിയിരുന്നു. പിന്നീട് ഇവര്‍ 20 പേരടങ്ങുന്ന ചെറു സംഘങ്ങളായി കലാപ മേഖലയിലേക്ക് പോയി. പ്രാദേശികരായ ആളുകളും ഇവരെ സഹായിക്കാന്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഇതുവരെ കലാപവുമായി ബന്ധപ്പെട്ട് 436 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 34 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും 1427 പേരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.

NO COMMENTS