ന്യൂഡല്‍ഹി: കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്നാടിന് ജലം നല്‍കാത്ത കര്‍ണ്ണാടക സര്‍ക്കാറിന്റെ നിലപാടിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ജീവിക്കുന്നതോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു കേസിനിടെ കര്‍ണ്ണാടകയോട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.വരള്‍ച്ച പോലുളള ദുരിതം നേരിടുമ്ബോള്‍ അയല്‍സംസ്ഥാനങ്ങള്‍ തമ്മില്‍ നല്ല സൗഹൃദബന്ധം പുലര്‍ത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.കാവേരി നദീ തര്‍ക്കം പരിഹരിക്കാനായി രൂപീകരിച്ച ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം എല്ലാ വര്‍ഷവും 19200 കോടി ക്യൂബിക് അടി ജലമാണ് കര്‍ണ്ണാടക തമിഴ്നാടിന് നല്‍കേണ്ടത്.
എന്നാല്‍ ഇത് പാലിക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പ്രശ്നം വഷളായത്.
അയല്‍സംസ്ഥാനമായ തമിഴ്നാട് കടുത്ത വരള്‍ച്ച നേരിടുമ്ബോള്‍ അവര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ജലത്തിന്റെ പകുതിയിലൊരംശം പോലും നല്‍കാന്‍ കര്‍ണ്ണാടക തയ്യാറല്ല. പ്രശ്ന പരിഹാരത്തിനായി കോടതി നിയമിച്ച ട്രൈബ്യൂണലിന്റെ ഒരു നിര്‍ദ്ദേശവും പാലിക്കാത്തതിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയിലായ തമിഴ്നാട്ടിലെ കര്‍ഷകരാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
തടയണകളില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലേക്കുളള ജലവിതരണം മുടങ്ങിയത് എന്നായിരുന്ന കര്‍ണ്ണാടകയുടെ വിശദീകരണം. എന്നാല്‍ തര്‍ക്കം പരിഹരിക്കാനായി രൂപീകരിച്ച ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് കര്‍ണ്ണാടകയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി മറുപടി പറഞ്ഞു.