കാസറകോട് : ജില്ലയിലെ എല്ലാ ഓഫീസുകളുടെയും വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്പായ ‘എന്റെ ജില്ല’ യോഗത്തില്‍ പുറത്തിറക്കി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ രാജന് ആപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലയിലെ 520 സര്‍ക്കാര്‍ ഓഫീസുകളുടെ വിലാസം, ഫോണ്‍ നമ്പര്‍, ജിപിഎസ് ലൊക്കേഷന്‍, ഓഫീസ് ചിത്രം എന്നിവയടക്കമാണ് ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കുക. വിവിധ വിഭാഗങ്ങളായാണ് ഇനം തിരിച്ചിട്ടുള്ളത്.
വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. കൂടാതെ പ്രധാന ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകളും ആപ്പില്‍ ലഭിക്കും.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിലാണ് ആപ്പ് തയ്യാറാക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം.