കൊറോണ: ജില്ലയില്‍ നിയന്ത്രണം തുടരും

69

കാസറകോട് : ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ നിരീക്ഷണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം.

വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിത പെടുത്തിയിട്ടുണ്ട്.

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരമറിയിക്കണം. നമ്പര്‍ 9946000493. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗ ലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ചതിനു ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം. യാതൊരു കാരണവശാലും നീരീക്ഷണ കാലയളവില്‍ കുടുംബത്തില്‍ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടികളികളിലും ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാന്‍ പാടില്ല.

ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, എഡി.എം.എന്‍ ദേവിദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി. രാംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മനോജ് എ.ടി ഡെപ്യൂട്ടി കളക്ടര്‍മാരായ പി.ആര്‍ രാധിക, ഷംസുദീന്‍ വി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ 409 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 409 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രികളിലും 400 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി മൂന്ന് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. 25 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. 42 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കോറോണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 42 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി

ഫെബ്രുവരി 20 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും യാതൊരു കാരണവശാലും ആരാധനാലയങ്ങള്‍, വിവാഹങ്ങള്‍, ആഘോഷങ്ങള്‍, മറ്റ് കൂട്ടായ്മകള്‍ ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. ഇങ്ങനെ പങ്കെടുക്കുന്നതായി അറിയുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി .സജിത് ബാബു അറിയിച്ചു.

കൂട്ടംകൂടിയാല്‍ നിയമനടപടി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതു -സ്വകാര്യ ഇടങ്ങളിലും 50 ലധികം ആളുകള്‍ കൂടുന്നത് 1939 ലെ മദ്രാസ് ഡിസീസ് കണ്‍ട്രോള്‍ ആക്ട് 75 -ാം വകുപ്പ് പ്രകാരം നിരോധിച്ച് ഉത്തരവായിട്ടുള്ളതാണ്. എന്നാല്‍ ഇത് കാര്യക്ഷമമായി നടപ്പിലാക്കാത്തതിനാല്‍ ഐ പി.സി 269 ാം വകുപ്പ് പ്രകാരം ഇത് ലംഘിക്കുന്നവരെ ആറ് മാസം കഠിന തടവിന് ശിക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കൊറോണ കണ്‍ട്രോള്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കൊറോണയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനും വേഗത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനും കാഞ്ഞങ്ങാട് സബ് കളക്ടറുടെയും കാസര്‍കോട് ആര്‍.ഡി.ഒ.യുടെയും നേതൃത്വത്തില്‍ രണ്ട് കൊറോണ കണ്‍ട്രോള്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു എസ്.ഐ. രണ്ട് പോലീസുകാര്‍ ഉള്‍പ്പെടുന്ന ഈ സ്‌ക്വാഡിന് നിയമലംഘനം കാണുമ്പോള്‍ നിയമലംഘകനെ കസ്റ്റഡിയില്‍ എടുക്കുന്നതിനും മേല്‍ നിര്‍ദ്ദേശിച്ച ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി .സജിത് ബാബു അറിയിച്ചു.

കൊറോണ കാലത്തെ അജാനൂര്‍ മാതൃകയറിയാം: ഓരോ വാര്‍ഡിലും പ്രതിരോധ കമ്മിറ്റികള്‍

ജനതയുടെ ആരോഗ്യമാണ് നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകമെന്ന തിരിച്ചറിവില്‍ സമഗ്രമായ ആരോഗ്യ പദ്ധതികളാണ് അജാനൂര്‍ പഞ്ചായത്ത് പൊതുജനങ്ങള്‍ക്കായി ഒരുക്കിയത്. മാരക പകര്‍ച്ച വ്യാധി ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് കടുത്ത ജാഗ്രത പുലര്‍ത്തുന്നത്. പഞ്ചായത്ത് പരിധിയിലെ വാര്‍ഡുകളിലെല്ലാം സാനിറ്റേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ഒന്‍പതു പേരടങ്ങുന്ന കമ്മിറ്റിയില്‍ പഞ്ചായത്തില്‍ നടത്തേണ്ട കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നു. ഓരോ വാര്‍ഡിലും സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ക്യത്യമായ നിര്‍ദ്ദേശങ്ങളിലൂടെ നടപ്പാക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ പറഞ്ഞു.

പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആര്‍ദ്രം പദ്ധതിയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ അജാനൂര്‍, ആനന്ദാശ്രമം എന്നിവിടങ്ങളിലും ആരോഗ്യ സബ് സെന്ററുകളായ കൊളവയല്‍, അതിഞ്ഞാല്‍, മടിയന്‍, വെള്ളിക്കോത്ത്, രാവണേശ്വരം എന്നിവിടങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ക്ലാസുകളും യോഗങ്ങളും നടക്കുന്നുണ്ട്.

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങളും അടച്ചു. 50 പേരില്‍ അധികം ആളുകള്‍ ചെരുന്ന പരിപാടികള്‍ നടത്തരുതെന്നും ജനങ്ങളെ അറിയിച്ചു. പരിപാടികള്‍ നടത്താന്‍ പഞ്ചായത്ത് അധികൃതരെ നേരത്തേ വിളിച്ച് അനുവദി വാങ്ങണമെന്നുമുള്ള സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. തൊഴിലുറപ്പ് പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താലല്‍ക്കാലികമായി അവധി നല്‍കി.

ഭിന്നശേഷിക്കാരും രോഗികളുമായുള്ള മുഴുവന്‍ ആളുകളുടേയും സംരക്ഷണത്തിനായി വലിയ ജാഗ്രതയാണ് പഞ്ചായത്ത് പുലര്‍ത്തുന്നത്. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പകര്‍ച്ച വ്യാധിക്കെതിരെ വലിയ പ്രതിരോധമാണ് ഇവിടെ നടക്കുന്നത്. കൈകള്‍ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാനും വ്യക്തി ശുചിത്വം പാലിക്കാനും വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ ദിശയുമായി ബന്ധപ്പെടമെന്നുമുള്ള വിവിധ നിര്‍ദേശങ്ങള്‍ പഞ്ചായത്തില്‍ നടത്തി വരികയാണ്

NO COMMENTS