കാസറകോട് : ആരോഗ്യ പരിപാലന പദ്ധതികള്‍ക്കും വിദ്യാഭ്യാസ പ്രൊജക്ടുകള്‍ക്കും മുന്‍ഗണന നിശ്ചയിച്ച് നീലേശ്വരം നഗരസഭ വികസന സെമിനാര്‍ നടന്നു. നഗരസഭാ പരിധിയിലെ അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികളില്‍ പുതിയ ആരോഗ്യ ശുശ്രൂഷാ പ്രൊജക്ടുകള്‍ക്ക് ഒപ്പം ഫിസിയോതെറാപ്പി ചികിത്സ സംവിധാനം നഗരസഭാ താലൂക്ക് ആശുപത്രിയിലും നീലേശ്വരം ഹോമിയോ ആശുപത്രിയിലും വിപുലപ്പെടുത്തുന്നതിനും, നീലേശ്വരം ഹോമിയോ ആശുപത്രിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന സ്പീച്ച് തെറാപ്പിയുടെ സാധ്യത രോഗികള്‍ക്കെല്ലാവര്‍ക്കും കൂടുതല്‍ പ്രചാരം നല്‍കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് പരിഗണന നല്‍കിയിട്ടുള്ളത്.
വിദ്യാഭ്യാസ കലാകായിക രംഗങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന നീലേശ്വരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും, കായിക മേഖലയിലെ ക്ലബ്ബുകള്‍ക്കും വിവിധ പദ്ധതികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജൈവകൃഷിയിലൂന്നിയ ഒരു കാര്‍ഷിക നയം തുടരുന്ന നീലേശ്വരം നഗരസഭയില്‍ കാര്‍ഷിക സമൃദ്ധിക്കും, മൃഗസംരക്ഷണ ക്ഷീര വികസനത്തിനും മെച്ചപ്പെട്ട പദ്ധതികള്‍ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായും, അംഗനവാടികളുടെ നവീകരണത്തിനുമായി ശുപാര്‍ശകള്‍ ഇതോടൊപ്പമുണ്ട് .
വികസന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പി.പി. മുഹമ്മദ് റാഫി, എറുവാട്ട് മോഹനന്‍, പി. ഭാര്‍ഗ്ഗവി, എം. സാജിത തുടങ്ങിയവര്‍ സംസാരിച്ചു.
നഗരാസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി.വി. ദാമോദരന്‍, അംഗങ്ങളായ കെ.വി. ദാമോദരന്‍, ടി.വി. ശാന്ത, പി. വിജയകുമാര്‍, കൊട്ടറ വാസുദേവ്, കെ.എന്‍. വാസുദേവന്‍ നമ്പൂതിരി, എ. തമ്പാന്‍ നായര്‍ തുടങ്ങിയവര്‍ വിവിധ വിഷയ ഗ്രൂപ്പുകളുടെ ക്രോഡീകരണം നടത്തി. നഗരസഭാ സെക്രട്ടറി സി.കെ. ശിവജി സ്വാഗതവും, പ്ലാന്‍ ക്ലാര്‍ക്ക് ശ്രീനുജിത്ത് നന്ദിയും പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് സെമിനാറില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് വികസന സെമിനാര്‍ നടത്തിയത്.