കാക്കനാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ മെഡിക്കല്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് എറണാകുളം ജില്ല കളക്ടര്‍ എസ്. സുഹാസ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജിനെ കോവിഡ് സെന്ററാക്കി മാറ്റിയിട്ടുണ്ട്. കോവിഡ് നിരീക്ഷണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഇവിടെ നടക്കുന്നത്. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള കൊച്ചിന് ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും നടക്കുന്നത്. ക്യാന്‍സര്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുമെന്നും കളക്ടര്‍ അറിയിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ബാത്ത്റൂം സൗകര്യമുള്ള 30 റൂമുകള്‍ കൊവിഡ് 19 ആവശ്യങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്. 20 ഐ.സി.യു ബെഡുകളും 27 വെന്റിലേറ്ററുകളും അതിനായി തയ്യാറാക്കിയിട്ടുണ്ട്. ആകെ 680 ബഡുകളാണ് കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ചിട്ടുള്ളത്.
ഇതു കൂടാതെ ആലുവ ജില്ല ആശുപത്രിയിലും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമായി 1280 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതു കൂടാതെ 104 ബാത്ത് റൂം സൗകര്യമുള്ള മുറികളും 79 ഐ.സി.യു ബെഡുകളും 12 വെന്റിലേറ്ററുകളും ഈ രണ്ട് ആശുപത്രികളിലായി ക്രമീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
ഇതിനു പുറമെയാണ് സ്വകാര്യ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍. 390 വെന്റിലേറ്ററുകളാണ് സ്വകാര്യ ആശുപത്രികളില്‍ മുന്‍കരുതലെന്ന നിലയില്‍ തയ്യാറാക്കിയിട്ടുള്ളത്. 1340 ഐ.സി.യു ബെഡുകളും 272 വാര്‍ഡുകളും സ്വകാര്യ ആശുപത്രികളില്‍ ക്രമീകരിച്ചിട്ടുണ്ട്. ബാത്ത്റൂം സൗകര്യത്തോടു കൂടിയ 4498 റൂമുകളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
ആശുപത്രി സൗകര്യം തികയാത്ത അവസ്ഥയുണ്ടായാല്‍ അതിനെ നേരിടാനായി 76 സെന്ററുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു. ഈ സ്ഥലങ്ങളില്‍ ഉപയോഗപ്രദമായ 2183 മുറികളാണ് ഉള്ളത്.കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഭയം വേണ്ടെന്നും ജാഗ്രതയോടെ വീട്ടിലിരിക്കുകയാണ് വേണ്ടതെന്നും കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.