കോവിഡ് 19 നിരീക്ഷണത്തിന് ജില്ലയിൽ ഹൗസ് മാർക്കിംഗ് തുടങ്ങി

147

തിരുവനന്തപുരം :കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതിനായി ജില്ലയിൽ ഹൗസ് മാർക്കിംഗ് ആരംഭിച്ചു. ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഹൗസ് മാർക്കിംഗിലൂടെ കൃത്യമായ ഹോം ഐസൊലേഷൻ സാധ്യമാക്കുകയാണ് ലക്ഷ്യം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക സീരിയൽ നമ്പരോടു കൂടിയ സ്റ്റിക്കർ പതിക്കും. നിരീക്ഷണം ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും സ്റ്റിക്കറിൽ രേഖപ്പെടുത്തും. വീട്ടിൽ എത്രപേർ നിരീക്ഷണത്തിലുണ്ടെന്നും സ്റ്റിക്കറിലൂടെ അറിയാൻ കഴിയും. ഇതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഇവരെ കൃത്യമായി നിരീക്ഷിക്കാനും സേവനങ്ങൾ എത്തിക്കാനും കഴിയും.

ഓരോ വീടിനും പ്രത്യേകം സീരിയൽ നമ്പരുള്ളതിനാൽ അവശ്യ സേവനങ്ങൾ വേഗത്തിലെത്തിക്കാൻ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ എന്നിവരുടെ സേവനം ഉപയോഗിച്ചാണ് ഹൗസ് മാർക്കിംഗ് നടത്തുക. വേണ്ട സഹായം നൽകാൻ മെഡിക്കൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇവർ വാർഡ് അടിസ്ഥാനത്തിൽ കൃത്യമായ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും കളക്ടർ പറഞ്ഞു.

NO COMMENTS