ന്യൂഡല്‍ഹി • നൂറുദിവസംകൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമാണ്. വികസനവും ക്ഷേമവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ ദിശയില്‍ത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വീടുകളിലെത്തിച്ചു, പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്റികള്‍ തുറന്നു, ഇതുവഴി 18,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. മല്‍സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി അനുവദിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തെ മാലിന്യമുക്തമാക്കാന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ ഹരിതകേരളം പദ്ധതി തുടങ്ങും. കുളങ്ങളെയും തോടുകളെയും മാലിന്യ മുക്തമാക്കും. നവംബര്‍ ഒന്നോടെ എല്ലാ വീടുകളിലും ശുചിമുറി ഉറപ്പാക്കും. അംഗന്‍വാടികളുടെ കെട്ടിടത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ജൈവകൃഷിയിലൂടെ കേരളത്തെ ഹരിതാഭമാക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.