തിരുവനന്തപുരം: സത്യസന്ധമായി തൊഴിലെടുത്ത് ജീവിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ യു.പ്രതിഭ എംഎല്‍എ മാപ്പ് പറയണമെന്നും മാധ്യമപ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണ് എംഎല്‍എയുടെ പരാമര്‍ശമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) സംസ്ഥാന പ്രസിഡന്റ് കെ.പി.റജിയും ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ആരെങ്കിലും പറയുന്നത് വാര്‍ത്തയാക്കുന്നതിലും ഭേദം മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലത്, ആണായാലും പെണ്ണായാലും എന്നായിരുന്നു പ്രതിഭയുടെ പ്രസ്താവന. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെ വനിതാ എംഎല്‍എ തന്നെ അധിക്ഷേപിച്ചത് അപലപനീയമാണ്.
കൊവിഡിനേക്കാള്‍ ഭീകരമായ വൈറസുകള്‍ ഉണ്ട്. അവരെ കോവിഡ് കാലം കഴിഞ്ഞ് മാളത്തില്‍ നിന്ന് പുകച്ച് ചാടിക്കേണ്ടതുണ്ടെന്ന് പ്രതിഭ ഇതിന് മറുപടി നല്കി. ഇതേത്തുടര്‍ന്ന് പ്രതിഭയും ഡിവൈഎഫ്ഐയും തമ്മിലുള്ള തര്‍ക്കങ്ങളെക്കുറിച്ച് പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.
എംഎല്‍എയും ഡിവൈഎഫ്ഐ നേതൃത്വവും തമ്മില്‍ വിഭാഗിയത നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കോവിഡ് കാലത്ത് ഓഫീസ് പൂട്ടിയിട്ട് വീട്ടിലിരുന്ന പ്രവര്‍ത്തിച്ച എംഎല്‍എയുടെ നിലപാടിനെ ഡിവൈഎഫ്ഐ നേതാക്കള്‍ എതിര്‍ത്തിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും പ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചു.