തിരുവനന്തപുരം: വൈദികനും ശുശ്രൂഷികളും ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ആരാധനാലയങ്ങളിലെ കര്‍മങ്ങളില്‍ പങ്കെടുക്കാമെന്നും വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ കാണുന്നതിനായി വെബ്കാസ്റ്റ് സൗകര്യം ഒരുക്കാന്‍ ആരാധനാലയങ്ങള്‍ ശ്രമിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി മാര്‍ഗനിര്‍ദേശം നല്കി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തെ ആരാധനാ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ രണ്ട് പേര്‍ക്ക് മാത്രമായിരുന്നു പോലീസ് അനുമതി നല്‍കിയിരുന്നത്.ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശനം അടച്ചതിനു ശേഷമേ ആരാധനാകര്‍മം നടത്താവൂ. ആരാധനാ കര്‍മങ്ങള്‍ നടത്തുന്പോള്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം.
ആരാധനാലയങ്ങള്‍ക്ക് സമീപം ഹോസ്റ്റലുകളോ കോണ്‍വെന്റുകളോ ഉണ്ടെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്കായി സിസിടിവി കാമറയുടെ സഹായത്തോടെ ലോക്കല്‍ ടെലിക്കാസ്റ്റിംഗ് നടത്താന്‍ ശ്രമിക്കണം.
ലോക്ക് ഡൗണ്‍ കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മേധാവി നല്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.