തിരുവനന്തപുരം: സ്പിംഗ്ലര്‍ എന്ന കമ്പനി പ്രതിപക്ഷ നേതാവു പറയുന്നത് പോലെ ഒരു പിആര്‍ കമ്പനി അല്ലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19-ന്റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കമ്ബനിയായ സ്പിംഗ്ലറിന് കൈമാറുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
സ്പിംഗ്ലറിന്റെ സ്ഥാപകന്‍ മലയാളിയാണെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലാണ് ഇത്തരമൊരു സേവനവുമായി കമ്ബനി മുന്നോട്ടുവന്നതെന്നും കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്മെന്റിന്റെ ഒരു സോഫ്റ്റ്വെയര് സേവനദാതാവുകൂടിയാണ് ഈ കമ്പനിയെന്നും ഇതേ സ്പിംഗ്ലര്‍ കമ്ബനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ടെന്നും മറ്റു കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കേണ്ടതില്ലെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ആ കമ്പനിയുടെ സോഫ്റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നുമില്ല. നാട് വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പ്രവാസികളായ മലയാളികള്‍ കേരളത്തെ ഉദാരമായി സഹായിക്കുന്നുണ്ട്. അങ്ങനെ ഒരു സഹായം കൂടിയാണ് സ്പിംഗ്ലര്‍ കമ്ബനി ചെയ്യുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
സ്പിംഗ്ലറിന്റെ സ്ഥാപകന്‍ മലയാളിയാണ്. അദ്ദേഹത്തിന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തിയ കോവിഡ് നിയന്ത്രണ പരിപാടികള്‍ എത്രമാത്രം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെട്ട വ്യക്തിയാണ്. അതാണ് ഇത്തരമൊരു സഹായം നല്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്- മുഖ്യമന്ത്രി വ്യക്തമാക്കി.