സംസ്ഥാനത്ത് ലോക്ഡൗൺ കാലയളവിൽ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച് പഞ്ചായത്തുകൾ. വിവിധ വകുപ്പുകൾക്കൊപ്പം താഴെതട്ടിൽ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനി ധികളും നടത്തിയ ഇടപെടൽ രോഗവ്യാപനം തടയുന്നതിനും കുടിവെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തു ക്കൾ ജനങ്ങൾക്ക് ഫലപ്രദമായി എത്തിക്കുന്നതിനും സഹായകമായി. പൊതുഗതാഗതം നിലച്ചതിനാൽ അന്യജില്ലകളി ലേതടക്കം രണ്ടായിരത്തിലധികം ജീവനക്കാർക്ക് താമസവും ഭക്ഷണസൗകര്യവും നൽകിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.
ഗ്രാമപ്രദേശങ്ങളിൽ അർഹതയുള്ളവർക്കെല്ലാം ഭക്ഷണം ഉറപ്പുവരുത്താൻ 941 ഗ്രാമപഞ്ചായത്തുകളിലായി 1031 സമൂഹ അടുക്കളകളാണ് പഞ്ചായത്തുകൾ സജ്ജമാക്കിയത്. ഇവയിലൂടെ പ്രതിദിനം ശരാശരി 141430 എന്ന കണക്കിൽ ഏകദേശം 2404310 ഭക്ഷണപൊതികൾ ആവശ്യക്കാർക്ക് എത്തിച്ചു. ഇതിൽ 2171726 എണ്ണം സൗജന്യ മായാണ് വിതരണം ചെയ്തത്. ഭൂരിഭാഗം അടുക്കളകൾക്കും വേണ്ട അവശ്യവസ്തുക്കൾ സന്നദ്ധ സഹായമായാണ് പഞ്ചായത്തുകൾ സമാഹരിക്കുന്നത്.
ജനങ്ങൾക്ക് ന്യായവിലയ്ക്ക് ഭക്ഷണം നൽകുന്നതിന് 134 ജനകീയ ഹോട്ടലുകളും ഗ്രാമപ്രദേശങ്ങളിൽ മാത്രം പ്രവർത്തനം ആരംഭിച്ചു. ഇവിടെ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു പഞ്ചായത്തുകൾ രൂപീകരിച്ച 48817 അടിയന്തര പ്രതികരണ ടീം അംഗങ്ങളാണ് (Emergency Response Team) ഭക്ഷണ പൊതികളും മരുന്നും മറ്റു അവശ്യ സാധനങ്ങളും ജനങ്ങൾക്ക് എത്തിച്ചു നൽകുന്നത്.
രോഗവ്യാപനം ഉണ്ടായാൽ തടയുന്നതിന് വിപുലമായ മുൻകരുതലുകളാണ് പഞ്ചായത്തുകൾ കൈക്കൊണ്ടത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞുവരുന്ന രണ്ടു ലക്ഷത്തോളം പേർ പുറത്തിറങ്ങി സമൂഹവുമായി ഇടപെടുന്നില്ല എന്നുറപ്പാക്കാനും അവരെ നിരീക്ഷിക്കുന്നതിനുമായി 15898 വാർഡുതല നിരീക്ഷണ കമ്മിറ്റികളെയാണ് നിയോഗിച്ചത്.
15962 വാർഡുതല ഹെൽത്ത് കമ്മിറ്റികളും 15962 ആരോഗ്യ ജാഗ്രതാ സമിതികളും വയോജനങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന സങ്കേതങ്ങളിലെ കുടുംബങ്ങൾ, തീരദേശവാസികൾ, ചേരി നിവാസികൾ, കെയർ ഹോം നിവാസികൾ തുടങ്ങി പ്രത്യേക പരിഗണന നൽകേണ്ട വിഭാഗങ്ങളെ നിശ്ചിത ഇടവേളകളിൽ സന്ദർശിച്ചു രോഗത്തെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിന് സജീവമായ ഇടപെടലാണ് നടത്തുന്നത്.
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് 19 ഹോട്ട്സ്പോട്ട് ആകാൻ സാധ്യതയുള്ള 67 പഞ്ചായത്തുകളിൽ ഏതു അത്യാവശ്യ സാഹചര്യത്തെയും നേരിടുന്നതിനു ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങൾ കണ്ടെത്തി. നിലവിലുള്ള കോവിഡ് കെയർ സെന്ററുകൾക്കും ഐസൊലേഷൻ സെന്ററുകൾക്കും പുറമേ കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിപ്പിക്കുന്നതിന് അനുയോജ്യമായ 2378 കെട്ടിടങ്ങളും സജ്ജമാക്കി. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിന് അനുയോജ്യമായ 1383 കെട്ടിടങ്ങളും കണ്ടെത്തി.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർക്ക് പുറമേ 204 പേരെ അധികമായി പഞ്ചായത്തുകൾ തനതു ഫണ്ടിൽ നിന്നും ശമ്പളം നൽകി നിയോഗിച്ചു. അവശ്യഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തു ന്നതിനു പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടർമാർ, 5851 നേഴ്സ്മാർ, 4086 പാരാമെഡിക്കൽ ജീവനക്കാർ, 1280 ലാബ് ടെക്നീഷ്യ•ാർ, 3410 മെഡിക്കൽ വിദ്യാർഥികൾ, 7730 പാലിയേറ്റിവ് കെയർ പ്രവർത്തകർ എന്നിവരുടെ റിസർവ് പട്ടികയും തയ്യാറാക്കി.
നിലവിലുള്ള ലേബർ ക്യാമ്പുകൾ കൂടാതെ അതിഥി തൊഴിലാളികളെ പാർപ്പിക്കുന്നതിന് 20 താൽക്കാലിക ക്യാമ്പുകൾ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്ത്വത്തിൽ ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിലെ 29749 അതിഥിതൊഴിലാളി സെറ്റിൽമെന്റുകളിൽ സമൂഹ അടുക്കള പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമ പഞ്ചായത്തുകൾ ഒരുക്കി.
ഗ്രാമപഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സ്ഥിതിവിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് ലഭ്യമാക്കുന്നതും പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും വാർ റൂമുകളാണ്.