ഉയർന്ന മൊബൈൽ ഫോൺ മോഡൽ ആയ ഗാലക്സി നോട്ട് 7ന്റെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് ഏതാനും ഉപയോക്താക്കൾ അറിയിച്ചതോടെ, ആ മോഡലിന്റെ വിൽപന നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചു. ലോക വിപണിയിൽ നിന്ന് 25 ലക്ഷത്തോളം ഹാൻഡ് സെറ്റുകൾ തിരികെ വിളിക്കാനും ഇതിനകം വാങ്ങിയ ഉപയോക്താക്കൾക്കു പുതിയ ഫോൺ നൽകാനും സാംസങ് തീരുമാനിച്ചു.
ഇന്ത്യയിൽ ഇന്നു വിൽപന ആരംഭിക്കാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ 19ന് ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ട ഗാലക്സി നോട്ട് 7ന് ഇന്ത്യയിൽ 59,900 രൂപയാണു വില നിശ്ചയിച്ചിരുന്നത്. എതിരാളിയായ ആപ്പിൾ ഐഫോൺ 7 പുറത്തിറക്കാനൊരുങ്ങവേ, ഗാലക്സി പിൻവലിക്കേണ്ടിവന്നത് സാംസങ്ങിനു കനത്ത അടിയായി.
ഐഫോൺ പ്രീമിയം ഫോൺ വിപണിയിൽ വലിയ ചലനമുണ്ടാക്കുന്നതു നേരിടാൻകൂടിയാണു സാംസങ് ഗാലക്സി ശ്രേണിയിൽ ഉയർന്ന മോഡലുകൾ അവതരിപ്പിച്ചത്. യുഎസിലും സാംസങ്ങിന്റെ ആസ്ഥാനമായ ദക്ഷിണ കൊറിയയിലും ഫോൺ പൊട്ടിത്തെറിച്ച സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതു സംബന്ധിച്ച് സോഷ്യൽമീഡിയകളിലും ഓൺലൈൻ ഫോറങ്ങളിലും വലിയ ചർച്ചയാണ് നടക്കുന്നത്. പ്രശ്നമുള്ള ഫോണുകൾ തിരിച്ചെടുക്കാനുള്ള സാംസങ്ങിന്റെ നീക്കത്തെ സോഷ്യൽമീഡിയ അഭിനന്ദിക്കുന്നുണ്ട്. മറ്റു സ്മാർട്ട്ഫോൺ കമ്പനികളെ അപേക്ഷിച്ച് സാംസങ് ഉപഭോക്താക്കളോട് ഉത്തരവാദിത്തം കാണിച്ചെന്നാണ് പൊതുവിലയിരുത്തൽ.
സാംസങ്ങിന്റെ ഏറ്റവും വില കൂടിയ ഫോണുകളിലൊന്നാണ് ഗാലക്സി നോട്ട് 7. ലോകത്ത് സ്മാർട്ട്ഫോൺ വിൽപനയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സാംസങ്ങിന് ഇത് വൻ തിരിച്ചടിയാണ്. പുതിയ ഐഫോണുകൾ പുറത്തിറങ്ങാനിരിക്കുന്ന സമയത്താണ് സാംസങ്ങിന് ഇത്തരമൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്.