കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഏറ്റവുമധികം പേര് ചികില്‍സയിലുള്ള കണ്ണൂര്‍ ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്ശനമാക്കിഅനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് അറിയിച്ചു. ഇത്തരക്കാരുടെ വണ്ടികള്‍ പോലീസ് പിടിച്ചെടുക്കും. ജില്ലയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. അത്യാവശ്യ മരുന്നുകള്‍ വേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലയില്‍ മൂന്നു എസ്പിമാര്‍ക്കാണ് നിരീക്ഷണച്ചുമതല. ഗ്രാമപ്രദേശങ്ങളിലടക്കം പരിശോധനകള്‍ ശക്തമാക്കും. മേയ് മൂന്നു വരെ ഒരു ഇളവും ഇല്ലെന്നും പോലീസ് അറിയിച്ചു. നിലവില്‍ 52 പേരാണ് കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷനും അഞ്ച് നഗരസഭകളും 13 പഞ്ചായത്തുകളുമാണ് ഹോട്ട്സ്പോട്ട് പട്ടികയിലുള്ളത്.
ഐജി വിജയ് സാഖറെയുടേയും ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനം എടുത്തത്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടയ്ക്കും. കണ്ണൂരിലെ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലും കര്‍ശന പരിശോധനകളുണ്ടാകും.