കാസരഗോഡ്: കൊടുംചൂടും കോവിഡ് വ്യാപനവും അംഗണ്‍വാടി ജീവനക്കാരെ പിന്നോട്ട് വലിക്കുന്നില്ല. അവര്‍ ഇന്ന് ഒരു ദൗത്യത്തിലാണ്. കോവിഡ് എന്ന മഹാമാരി നമ്മുടെ നാടിനെ പിടിമുറുക്കി തുടങ്ങിയേപ്പാള്‍ മുതല്‍ ആരംഭിച്ചതാണ് അവരുടെ നിസ്സീമമായ സേവനം. ധാന്യങ്ങള്‍, അമൃതം പൊടി തുടങ്ങി അംഗണ്‍വാടികള്‍ വഴി വിതരണം ചെയ്തിരുന്ന പോഷകാഹാരങ്ങളെല്ലാം വീടുകളില്‍ എത്തിക്കുക,അതിഥി തൊഴിലാളികളുടേയും കമ്മ്യൂണിറ്റി കിച്ചണുകളുടയും വിവര ശേഖരണം തുടങ്ങിയവയെല്ലാം ഇവരുടെ ദൗത്യമാണ്
വിവരശേഖരണത്തിനും അംഗണ്‍വാടി ടീച്ചര്മാര്
ജില്ലയില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ ആറ് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റിയിലും നടത്തിയ സര്‍വ്വേ നയിച്ചത് അംഗണ്‍ വാടി ടീച്ചര്‍മാരായിരുന്നു. ഇവര്‍ക്കൊപ്പമായി ജെ.പി.എച്ച്.എന്‍. ജെ.പി.എച്ച്.ഐ, ആശാവര്‍ക്കര്‍മാര്‍ എന്നിവരും വീടുകളിലെത്തി വിരവരശോഖരണം നടത്തി.
വീട്ടുമുറ്റങ്ങള്‍ അംഗണ്വാടികളാകുന്നു
അംഗണ്‍വാടി ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ എല്ലാ ദിവസവും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. സഹജീവികള്‍ക്കും സസ്യജാലങ്ങള്‍ക്കും കുടിനീര് നല്കല്, ചിത്രം വര, കളറിങ്, കളിമണ്ണ് ഉപയോഗിച്ച് വിവിധരൂപങ്ങളുടെ നിര്‍മ്മാണം, പൂന്തോട്ടപരിപാലനം, നാടന്കളികള് തുടങ്ങിയവയില്‍ കുട്ടികള്‍ അത്യുല്‍സാഹത്തോടെ ഏര്‍പ്പെടുന്ന ഫോട്ടോ ടീച്ചര്‍ക്ക് അയച്ചു കൊടുക്കണം. ടിക് ടോക്ക്, പാട്ട്, കഥ പറയല്‍ തുടങ്ങി സര്‍ഗ്ഗാത്മക പ്രവര്‍ത്തികളിലും കുഞ്ഞുങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തും ഏര്‍പ്പെടാമെന്ന് ഇവര്‍ കാണിച്ചു തരുന്നു.
അമ്മമാര്‍ക്ക് വ്യത്യസ്തമായ നാടന്‍ വിഭവ മത്സരം സംഘടിപ്പിച്ചും കൗമാരക്കാര്‍ക്ക് വേസ്റ്റ് മെറ്റീരിയല്‍ നിര്‍മ്മാണവും ചിത്ര രചനയും പരിപാടികളും. കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ അംഗണ്‍വാടി ഓരോ വീടിന്റെയും പൂമുറ്റമാവുകയാണ്. ഇന്ന് ജില്ലയിലെ ഓരോ വീടും അംഗണവാടി
യാവുകയാണ്.
സാങ്കേതികവിദ്യകളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ കുട്ടികളുടെ വ്യക്തി വികാസത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍, ഓരോ പ്രായക്കാര്‍ക്കും ലഭിക്കേണ്ട പോഷകങ്ങള്‍ അങ്ങനെ അംഗണ്വാടികളിലൂടെ ചെയ്തിരുന്ന ഓരോ പ്രവര്‍ത്തികളും വീടുകളില്‍ എത്തുകയാണെന്ന് ഐസി ഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് അറിയിച്ചു