അമിത വിലയും അളവ് തൂക്ക വെട്ടിപ്പും: 33.72 ലക്ഷം രൂപ പിഴ ഈടാക്കി

108

തിരുവനന്തപുരം : ലോക്ക് ഡൗൺ ദിനങ്ങളിൽ ലീഗൽ മെട്രോളജി നിയമങ്ങൾ ലംഘിച്ച് അമിത വില ഈടാക്കുകയും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയും ചെയ്ത 1108 കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 33.72 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഈ കാലയളവിൽ 10,138 പരിശോധനകളാണ് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനത്താകെ നടത്തിയത്.

മുഖാവരണത്തിന് അമിത വില ഈടാക്കിയത് 40 കേസുകളും, സാനിറ്റൈസറിനും കുപ്പിവെള്ളത്തിനും പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ ഈടാക്കിയതിന് 339 കേസുകളും രജിസ്റ്റർ ചെയ്തു. തൂക്കത്തിൽ കൃത്രിമം കാണിച്ച 129 റേഷൻ കടകൾക്കെതിരെ കേസെടുത്തു. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതുൾപ്പെടെയുള്ള മറ്റ് നിയമ ലംഘനങ്ങൾക്ക് 600 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നത് ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കൃത്യത ഉറപ്പുവരുത്തി മുദ്ര ചെയ്ത അളവ് തൂക്ക ഉപകരണങ്ങൾ മാത്രമേ വ്യാപാരികൾ ഉപയോഗിക്കുവാൻ പാടുള്ളൂ. മുദ്ര ചെയ്ത സർട്ടിഫിക്കറ്റ് കടയിൽ പ്രദർശിപ്പിച്ചിരിക്കണം. ഡിജിറ്റൽ ഡിസ്‌പ്ലേ ഉപഭോക്താക്കൾക്ക് കാണത്തക്ക രീതിയിൽ ത്രാസ് ഉപയോഗിക്കണം. നിയമാനുസൃത പ്രഖ്യാപനങ്ങൾ രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ അറിയിച്ചു.

വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കും. ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ്‌സൈറ്റിലും പരാതികൾ അറിയിക്കാം.

NO COMMENTS