കാസര്‍കോട് : അനധികൃതമായി വാഹനങ്ങളിലും മറ്റും ആളുകളെ കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സാഹസം കാണിച്ചാല്‍ പണികിട്ടും. ഇത്തരകാര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ ആരംഭിച്ചു. അനധികൃത മായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവു ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. വാഹന ജീവനക്കാരെയും യാത്രക്കാരെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ 28 ദിവസം ഐസോലേറ്റ് ചെയ്യും.
അനധികൃതമായി ചരക്ക് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ആളുകളെ കൊണ്ടുവന്നവര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കര്‍ണാടകയില്‍ നിന്നും ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലെക്ക് കൊണ്ട് വരാന്‍ ആള്‍ട്ടോ കാറില്‍ പോയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അടുക്കസ്ഥലയില്‍ നൂറുദ്ദീന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കേരള എപ്പിഡെമിക് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തത്.
ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി ആള്‍ക്കാരെ കൊണ്ടുവരാണ് പോയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോ. ഉദയശങ്കര്‍, ഡ്രൈവര്‍ ധനേഷ് എന്നിവര്‍ക്കെതിരെയും ഓട്ടോറിക്ഷയില്‍ കര്‍ണാടകയില്‍ നിന്നും ഉക്കിനടുക്കയിലേക്ക് അനധികൃതമായി രണ്ടു സ്ത്രീകളെ കയറ്റി കൊണ്ട് വന്നതിന് സുനില്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു.
കാറില്‍ കര്‍ണാടകയില്‍ നിന്നും ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതിന് പെര്‍ലയില്‍ നിന്ന് അനില്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു.ലോറികളിലും മറ്റ് വാഹനങ്ങളിലുമായി കര്‍ണ്ണാടകയില്‍ നിന്ന് തലപ്പാടി വഴി കേരളത്തിലേക്ക് വന്ന 10 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കര്‍ണാടക അതിര്‍ത്തികളില്‍ നിന്ന് വനങ്ങളിലൂടെയുള്ള ആളുകളുടെ വരവ് കര്‍ശനമായി തടയും. ഇതിനായി വനമേഖലകളില്‍ പരിശോധന ശക്തമാക്കും. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഹോട്ട് സ്പോട്ടുകളില്‍ മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ബാബു അറിയിച്ചു. ഹോട്ട് സ്പോട്ടുകളിലും അതിര്‍ത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ് സാബു അറിയിച്ചു.