മുംബൈ: ഇന്ന് രാവിലെ ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ബോളിവുഡ് താരം ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018 മുതല്‍ കാന്‍സര്‍ ബാധിതനായിരുന്ന ഋഷി കപൂര്‍ ഒരു വര്‍ഷത്തോളം കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയില്‍ ആയിരുന്നു. 2019 സെപ്റ്റംബറിലാണ് രോഗം ഭേദമായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ട് തവണയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയപ്പോഴാണ് ആദ്യം അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അണുബാധയായിരുന്നു കാരണം. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ച് എത്തിയതിന് ശേഷം വൈറല്‍ പനിയെ തുടര്‍ന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ടോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന് രണ്‍ധീര്‍ കപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാണ് എന്നായിരുന്നു വിവരം. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന് 67 വയസ്സായിരുന്നു. മരണ സമയത്ത് ഭാര്യ നീതു കപൂര്‍ അദ്ദേഹത്തിനൊപ്പ മുണ്ടായിരുന്നു.
ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ രാജ് കപൂറിന്റെ മകനാണ് ഋഷി കപൂര്‍. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. ബോളിവുഡ് സിനിമയിലെ നിത്യഹരിത നായകന് എന്ന പേരാണ് ഋഷി കപൂറിന്. 5 ദശാബ്ദത്തോളം നീളുന്നതാണ് ബോളിവുഡിലെ ഋഷി കപൂറിന്റെ സംഭാവനകള്‍. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചിരുന്നു.
1973ല്‍ പുറത്തിറങ്ങിയ ബോബി ആയിരുന്നു ഋഷി കപൂറിന്റെ നായകനായുളള ആദ്യ ചിത്രം. തുടര്‍ന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങള്‍. അമര്‍ അക്ബര്‍ ആന്റണി, ബോബി, ചാന്ദ്നി, ലൈല മജ്നു, റഫൂ ചക്കര്‍, സര്‍ഗം, കര്‍സ്, ബോല്‍ രാധാ, ഖേല്‍ ഖേല്‍ മെം, നാഗിന, ഹം കിസി സേ കം നഹീ, ദാമിനി, അഗ്നിപഥ്, കപൂര്‍ ആന്‍ഡ് സണ്‍സ്, മുല്‍ക്, 102 നോട്ട് ഔട്ട് അടക്കം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
ദ ബോഡി എന്ന വെബ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്. ദ ഇന്റേണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ദീപിക പദുക്കോണിനൊപ്പം അടുത്ത ചിത്രം അഭിനായിക്കാനിരിക്കെയാണ് മരണം.
അമിതാഭ് ബച്ചനാണ് ട്വിറ്ററില്‍ ഋഷി കപൂറിന്റെ മരണ വിവരം പുറത്ത് വിട്ടത്. അദ്ദേഹം പോയി, ഋഷി കപൂര്‍ പോയി.. ഞാന്‍ തകര്‍ന്നിരിക്കുന്നു” എന്നാണ് അമിതാബ് ബച്ചന് ട്വീറ്റ് ചെയ്തത്.