ഔദ്യോഗിക ജീവിതം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ചു; സീനിയര്‍ ഹൈഡ്രോളജിസ്റ്റ് ഡോ. അഷ്റഫ് ഇന്ന് പടിയിറങ്ങുന്നു,

91

കാസറകോട് : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സീനിയര്‍ ഹൈഡ്രോളജിസ്റ്റും ഭൂജലവകുപ്പ് ജില്ലാ ഓഫീസ് മേധാവിയുമായ ഡോ. കെ എം അബ്ദുല്‍ അഷ്റഫ് ഇന്ന് (ഏപ്രില്‍ 30) ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു. വരള്‍ച്ച-ക്ഷാമ ബാധിത മേഖലകളില്‍ വിവിധ കാലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയതിന്റെ ആത്മനിര്‍വൃതി യോടെയാണ് ഉദുമ പാലക്കുന്ന് സ്വദേശിയായ ഡോ.അഷ്റഫ് ഔദ്യോഗിക ജീവിതത്തിന് വിരാമം കുറിക്കുന്നത്.

രാജ്യത്തെ പ്രസിദ്ധമായ ഐ ഐ ടി റൂര്‍ക്കി, സെന്റ്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ പൂനെ, ഐ എസ് ആര്‍ ഒ ബാംഗ്ലൂര്‍, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഹൈദരാബാദ്, രാജീവ് ഗാന്ധി നാഷണല്‍ ഗ്രൗണ്ട് വാട്ടര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി തുടങ്ങിയവയിലടക്കം ഗവേഷണ പഠനങ്ങളിലും സെമിനാറുകളിലും പരിശീലനങ്ങളിലും സംബന്ധിച്ചിട്ടുണ്ട്. ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ജിയോളജിയില്‍ ബി എസ്—സി യും 1986 ല്‍ രണ്ടാം റാങ്കോടെ എം എസ് എസിയും പൂര്‍ത്തിയാക്കി. 1987 ല്‍ പാലക്കാട് ജില്ലയില്‍ ജിയോളജിക്കല്‍ അസിസ്റ്റന്റ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജോലി ചെയ്തു. 2016 ല്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി.

1988ല്‍ കേന്ദ്ര ഗവണ്മെന്റ് പാലക്കാട് നടപ്പിലാക്കിയ നാഷണല്‍ ടെക്നോളജി മിഷന്റെ കുടിവെള്ള പദ്ധതിയിലും 2013 ല്‍ ജലനിധിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ ട്രൈബല്‍ പഞ്ചാത്തുകള്‍ക്ക് വേണ്ടി നടത്തിയ കുടിവെള്ളം ലഭ്യമാക്കാനുള്ള പഠനത്തിലും പങ്കെടുത്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ നേരിട്ട് ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

1991 ലും 2006 ലും രണ്ട് പ്രാവശ്യം അഞ്ച് വര്‍ഷം വീതം ലീവ് എടുത്ത് പത്ത് വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്തിരുന്നു. 2006 ല്‍ ഒരു അമേരിക്കന്‍ എന്‍വിയോണ്മെന്റല്‍ കണ്‍സള്‍ട്ടന്‍സിയില്‍ സീനിയര്‍ എന്‍വിയോണ്മെന്റല്‍ സയന്റിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. കുറച്ചു കാലം അസര്‍ബൈജാനിലെ എണ്ണ മേഖലയില്‍ പരിസ്ഥിതിക ആഘാത പഠനവും നടത്തിയിട്ടുണ്ട്.

ഇനിയുള്ള കാലവും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക സേവനമനുഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. അഷ്റഫ് പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ലക്ഷ്യം കാണുന്നതായാണ് സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ല്‍ ജില്ലയില്‍ 65 ശതമാനം കിണറുകളിലാണ് ജലവിതാനം കുറവുണ്ടായിരുന്നതെങ്കില്‍ നിലവിലത് 36 ശതമാനമാണ്. ഇത് ആശാവഹമാണ്.

ജാഗ്രതാപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണവിജയം പ്രാപിക്കാന്‍ ഇനിയും കൂടുതല്‍ മുന്നോട്ട് പോവേണ്ടതുണ്ട്. ഇതിനായി സന്നദ്ധ സംഘടനകള്‍, എന്‍ ജി ഒ കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍ണ പിന്തുണയുമായി കുടുംബവും ഇദ്ദേഹത്തോടൊപ്പമുണ്ട്. സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായ ഭാര്യ ജമീലയും എം ബി എ പഠനം പൂര്‍ത്തിയാക്കി ജോലി ചെയ്യുന്ന മകനും ഒമ്പത്, ഒന്ന് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

NO COMMENTS