പ്രവാസികളെ വരവേൽക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജം.

74

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എയർപേർട്ടിൽ വന്നിറങ്ങുന്നത് മുതൽ പരിശോധിച്ച് ആവശ്യമുള്ളവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകുന്നതിന് മതിയായ സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. എല്ലാ എയർപോർട്ടിലും വന്നിറങ്ങുന്നവർക്ക് പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കരുതൽ ആപ്പ്, എറണാകുളത്ത് ആയുർരക്ഷാ ആപ്പ്, കോഴിക്കോട്ട് ആഗമനം ആപ്പ് എന്നിങ്ങനെയാണ് പേര്. നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പൂർണ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനാവും.
എല്ലാവരേയും മാസ്‌ക് ധരിപ്പിച്ച് സിസ് സാഗ് രീതിയിലാണ് വിമാനത്തിൽ ഇരുത്തുക.

വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയർപോർട്ടിലും തുടർന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അനൗൺസ്മെന്റ് നടത്തും. യാത്രക്കാർ സെൽഫ് റിപ്പോർട്ട് ഫോർമാറ്റ് പൂരിപ്പിച്ച് ഹെൽപ് ഡെസ്‌കിൽ നൽകണം. 15 മുതൽ 20 പേരെയാണ് ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കുക. എയ്റോ ബ്രിഡ്ജിൽ താപനില പരിശോധിക്കും. പനിയുണ്ടെങ്കിൽ ഐസൊലേഷൻ ബേയിലേക്ക് മാറ്റും. മറ്റുള്ളവരെ ഹെൽപ് ഡെസ്‌കിലേക്ക് അയയ്ക്കുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു എയർപോർട്ടിൽ 4 മുതൽ 15 ഹെൽപ് ഡെസ്‌ക് വരെയുണ്ടാകും.

ഒരു ഹെൽപ് ഡെസ്‌കിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ ഫീൽഡ് സ്റ്റാഫ്, സന്നദ്ധ പ്രവർത്തകൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരാണ് ഉണ്ടാകുക. ഹെൽപ് ഡെസ്‌കിലെ ഡോക്ടർ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ അവരേയും ഐസൊലേഷൻ ബേയിലേക്ക് മാറ്റും.

രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിംഗ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകൾ അണുവിമുക്തമാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. ഐസൊലേഷൻ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ തൊട്ടടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലാക്കും. ഇവർ കൊണ്ടുവന്ന ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തിൽ അഡ്മിറ്റ് ആകുന്ന ആശുപത്രിയിൽ എത്തിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചവരെ ആർ.ടി. പിസിആർ പരിശോധന നടത്തും.

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ എ,ബി,സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രികൾ ഉൾപ്പെടെ 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ പ്ലാൻ സിയിൽ 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷൻ കിടക്കകളും 1679 ഐ.സി.യു കിടക്കകളുമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ മറ്റെല്ലാം മാറ്റിവച്ച് സംസ്ഥാനത്തെ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ, ജില്ലകളിലെ പ്രധാന ആശുപത്രികൾ എന്നിവയാണ് സമ്പൂർണ കോവിഡ് ആശുപത്രികളാക്കുന്നത്. ഒരേ സമയം 18,000ത്തോളം കിടക്കകൾ ഒരുക്കാൻ കഴിയും. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ 462 കോവിഡ് കെയർ സെന്ററുകളിലായി 16144 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു വരുന്നു. ഇതുകൂടാതെ എൻ.എച്ച്.എം. വഴി ഈ കാലയളവിൽ 3770 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ഇതോടൊപ്പം മറ്റ് വിഭാഗം ജീവനക്കാരേയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.

NO COMMENTS