പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിലെത്തി.

72

കൊച്ചി: പ്രവാസികളുമായി വിദേശത്ത് നിന്നുളള ആദ്യത്തെ വിമാനം കേരളത്തിലെത്തി. അബുദാബിയില്‍ നിന്ന് പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ 10 .8 നാണ് ലാൻഡ് ചെയ്തത്.നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് അവര്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തുന്നത്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ്452 വിമാനമാണ് പ്രവാസികളെ തിരികെ എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നതിന് അടക്കം വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുളളത്. പരിശോധനകള്‍ക്ക് ശേഷം മാത്രമേ പ്രവാസികളെ പുറത്തേക്ക് വിടുകയുളളൂ. യാത്രക്കാരെ മുപ്പതോളം പേരുളള 6 സംഘങ്ങളായി തിരിച്ചിരിക്കുകയാണ്.

തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചാണ് യാത്രക്കാരെ കൊവിഡ് പരിശോധന നടത്തുന്നത്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ ഉടനെ തന്നെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ അവരവരുടെ ജില്ലകളിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് മാറ്റുക. ഇവരെ പോലീസ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വരെ അനുഗമിക്കും.

പ്രവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് വേണ്ടി 8 കെഎസ്ആര്‍ടിസി ബസ്സുകളാണ് സര്‍ക്കാര്‍ സജ്ജമാക്കിയത്. ഇത് കൂടാതെ 40 ടാക്‌സികളും ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ 73 പേര്‍ തൃശൂര്‍ ജില്ലയിലേക്കുളളവരാണ്. എറണാകുളം-25, മലപ്പുറം-23, ആലപ്പുഴ-15, പാലക്കാട്-13, കോട്ടയം-13, പത്തനംതിട്ട-8, കാസര്‍കോഡ്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള യാത്രക്കാരുടെ കണക്കുകള്‍.

വിദേശത്ത് നിന്നും തിരികെ എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യത്തെ 7 ദിവസം ഇവര്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ കഴിയണം. 7 ദിവസം കഴിഞ്ഞ് നടത്തുന്ന പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ വീട്ടിലേക്ക് മടങ്ങാം. വീട്ടില്‍ 7 ദിവസം കൂടി ഇവര്‍ ക്വാറന്റൈനില്‍ കഴിയണം.

ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിമാനത്താവളത്തില്‍ വെച്ച് തന്നെ അധികൃതര്‍ പ്രവാസികള്‍ക്ക് വിശദമായ ക്ലാസ്സ് നല്‍കുന്നുണ്ട്. ജില്ലാ ഭരണകൂടമാണ് പ്രവാസികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുന്നത്. മാത്രമല്ല തങ്ങള്‍ ക്വാറന്റൈന്‍ ലംഘിക്കില്ല എന്നുളള സത്യവാങ്മൂലവും പ്രവാസികളില്‍ നിന്നും എഴുതി വാങ്ങിക്കുന്നുണ്ട്. ഗര്‍ഭിണികളും കുട്ടികളും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. അവര്‍ 14 ദിവസം വീടുകളില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണം

അബുദാബി-കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണുളളത്. യാത്രക്കാരില്‍ 4 കുഞ്ഞുങ്ങളും 49 ഗര്‍ഭിണികളുമുണ്ട്. അബുദാബിയില്‍ വെച്ച് കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ നാട്ടിലെത്തിച്ചിരിക്കുന്നത്. പരിശോധനയില്‍ ഇവരില്‍ ആര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.

NO COMMENTS