പ്രവാസികളുടെ വരവ്: കെയർ സെന്ററുകൾക്ക് പ്രവർത്തന മാർഗരേഖ

60

ആലപ്പുഴ: മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ ഒരു പ്രവാസി കുടുംബത്തെ മാത്രമായി കോവിഡ് കെയർ സെന്ററായി നിശ്ചയിച്ച വീട്ടിൽ ക്വറന്റൈൻ ചെയ്യിക്കാമെന്ന് കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ജില്ല കളക്‌ടറുടെ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രവാസി കുടുംബത്തെ പൂർണമായും ക്വറന്റൈൻ ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമാണിത്.

ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്നതോ, പൂർണമായും കോവിഡ് കെയർ സെന്റർ മാതൃകയിൽ പ്രവാസികൾക്ക് താമസിക്കാൻ യോഗ്യ‍മോ ആയ വീടുകളുണ്ടെങ്കിൽ അവയെക്കൂടി കോവിഡ് കെയർ സെന്ററുകളായി പ്രഖ്യ‍പിക്കുന്നതിന് ജില്ലാതല സമിതിയിലേയ്ക്ക് ശുപാർശ ചെയ്യാം. നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള ആരെയെങ്കിലും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റുന്നതിന് മെഡിക്കൽ ഓഫീസർ നിർദേശിക്കുകയാണെങ്കിൽ അവരെകൂടി കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കണം.

കോവിഡ് കെയർ സെന്ററിലേക്ക് മാറ്റേണ്ടവരെ സംബന്ധിച്ച തീരുമാനം ആരോഗ്യ‍ വകുപ്പാണ് കൈക്കൊള്ളേണ്ടത്. ഇവരുടെ വിവരങ്ങൾ ആരോഗ്യ‍വകുപ്പ്,തദ്ദേശസ്വയംഭരണ സെക്രട്ടറിമാരെ അറിയിക്കണം. കോവിഡ് കെയർ സെന്ററുകളിലേക്ക് ആളുകളെ മാറ്റുന്നതിനു വാഹന സൗകര്യ‍ം നിർദിഷ്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആരോഗ്യ‍വകുപ്പ് സജ്ജമാക്കണം. ഓരോ കെയർ സെന്ററിലേക്കും വേണ്ട ഹെൽത്ത് ടീമിനെ മെഡിക്കൽ ഓഫീസറും ,പോലീസിനെ സ്റ്റേഷൻ ഹൗസ് ഓഫീസറും നിയമിക്കും. അവരുടെ സേവനം ആഴ്‌ചയിൽ ഏഴുദിവസവും 24 മണിക്കൂറും ആയിരിക്കും. ഈ ജീവനക്കാർക്ക് വേണ്ടി ഓരോ കോവിഡ് കെയർ സെന്ററിലും ഓരോ മുറി വീതം മാറ്റിവയ്ക്കും.

കോവിഡ് കെയർ സെന്റുകളിലെ അന്തേവാസികളുടെ ഭക്ഷണം,ജനകീയ ഭക്ഷണശാല /സമൂഹ അടുക്കള വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കണം. അന്തേവാസികൾക്ക് അവശ്യ‍വസ്തുക്കളോ ഭക്ഷണമോ തങ്ങളുടെ വീടുകളിൽ നിന്നോ , പുറത്ത് നിന്നോ എത്തിക്കണമെങ്കിൽ വാളണ്ടിയർമാർ മുഖേന ആകാവുന്നതാണ്. വാളണ്ടിയർമാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുളള ലിസ്റ്റിൽ നിന്നും നിയോഗിക്കാം. കെയർ സെന്ററുകളുടെ ശുചീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽപ്പെടുന്നു. സുരക്ഷിതമായി മാലിന്യ‍നിർമാർജനം നടത്തുന്നതിന് ആവശ്യ‍മായ നിർഴദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഓഫീസർമാർ നൽകും.

കെയർ സെന്ററുകളുടെ അടിസ്ഥാന സൗകര്യ‍ങ്ങൾ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ പരിശോധിച്ച് ഉറപ്പു വരുത്തണം. വാർഡ്,തദ്ദേശ സ്ഥാപനതല സമിതികളും ജില്ലാതല സമിതിയുടെ നിർദേശങ്ങൾക്കനുസ‍ൃതം കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നെന്ന് ഉറപ്പ് വരുത്തണം. ജില്ലാ ഭരണകൂടം ദുരന്ത നിവാരണ നിയമം 2005 പ്രകാരം ഏറ്റെടുത്ത കോവിഡ് കെയർ സെന്ററുകളുടെ താക്കോലുകൾ കൈവശം സൂക്ഷിക്കേണ്ടത് വില്ലേജ് ഓഫീസർമാരാണ്. സെന്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ല കളക്‌ടറേറ്റിൽ രൂപീകരിച്ച പ്രത്യേക സെല്ലിന്റെ ഫോൺ നമ്പർ: 0477-2238630 .

NO COMMENTS