കോവിഡ് കാലത്ത് ഗുരുതര പോഷകാഹാര കുറവ് അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തേനമൃത് ന്യൂട്രി ബാര്‍ വിതരണം ആരംഭിച്ചു

67

കാസറഗോഡ് : കോവിഡ് കാലത്ത് മൂന്ന് മുതല്‍ ആറ് വയസ്സ് പ്രായമുളള ഗുരുതര പോഷകാഹാര കുറവ് അനു ഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വനിതാശിശു വികസന വകുപ്പ് വിതരണം ചെയ്യുന്ന തേനമൃത് ന്യൂട്രിബാര്‍ ജില്ലയില്‍ വിതരണം ആരംഭിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും പോഷക കുറവ് പരിഹരിക്കുന്നതിനായി രൂപം കൊണ്ട സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് ന്യൂട്രിബാര്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

ജില്ലയില്‍ ഈ പ്രായ പരിധിയില്‍ വരുന്ന 126 കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് നേരിടുന്നതായി പ്രതിമാസ വളര്‍ച്ചാ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ 30 ദിവസത്തേക്കുള്ള 100 ഗ്രാം വീതം തൂക്കം നിശ്ചയിച്ച 3780 ന്യൂട്രി ബാറുകള്‍ വിതരണം ചെയ്തത്.

ന്യൂട്രി ബാര്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം എം.സി ഖമറുദ്ദീന്‍ എം.എല്‍.എ മഞ്ചേശ്വരം അഡീഷണല്‍ പ്രൊജക്ടില്‍ നിര്‍വ്വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍, ഐ.സി.ഡി.എസ് ഓഫീസര്‍ കവിതാറാണി രഞ്ജിത്ത്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി.ഡി.പി.ഒ ലത കുമാരി തുടങ്ങിയവര്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ച് ചടങ്ങില്‍ പങ്കെടുത്തു. വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതാത് സി.ഡി.പി.ഒ മാരുടെ സാന്നിധ്യത്തില്‍ വിതരണം നിര്‍വ്വഹിച്ചു.

കുഞ്ഞുങ്ങളിലെ അടിസ്ഥാന പോഷകാഹാര പ്രശ്‌നങ്ങളെ പരിഹരിക്കാനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും പര്യാപ്തമായ തരത്തിലാണ് ഈ പോഷക ബാറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പന്നമായ എള്ള്, നിലക്കടല, റാഗി, സോയാബീന്‍, മാറ്റ് ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങി 12 ഓളം ചേരുവകള്‍ ചേര്‍ത്താണ് തേനമൃത് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലാകെ പോഷക കുറവുള്ള 5537 കുഞ്ഞുങ്ങള്‍ക്കായി 1,13,400 ന്യൂട്രി ബാറുകളാണ് വിതരണം ചെയ്യുന്നത്.

ന്യൂട്രി ബാറുകള്‍ വിതരണം ചെയ്യുന്ന 30 ദിവസങ്ങളില്‍ കുട്ടികളുടെ പോഷക സ്ഥിതി അങ്കണവാടി പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, എന്‍.എന്‍.എം പ്രൊജക്ട് കോഓഡിനേറ്റര്‍മാര്‍, ശിശുവികസന പ്രൊജക്ട് ഓഫീസര്‍മാര്‍ എന്നിവര്‍ നിരീക്ഷിക്കുകയും രക്ഷിതാക്കള്‍ക്ക് ആവശ്യമായ പ്രത്യേക ന്യൂട്രി കെയര്‍ ക്ലാസുകള്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. പ്രത്യേക ന്യൂട്രിബാര്‍ അടിസ്ഥാന സര്‍വ്വേ ഈ പദ്ധതി കാലയളവില്‍ തന്നെ നടത്തി പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ വിപുലീകരിക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ശ്രമിച്ചു വരുന്നത്.

NO COMMENTS