തിരുവനന്തപുരം: പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടു വച്ച ആവശ്യങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ട്രൂ നാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ അത് സാധ്യമല്ലെന്നും കേന്ദ്രം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം മറുപടി നല്‍കിയത്.
കേരളം മുന്നോട്ടുവച്ച മറ്റൊരു ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. കോവിഡ് പോസിറ്റീവ് ആയവരെ മറ്റൊരു വിമാനത്തില്‍ കൊണ്ടുവരാന്‍ സജ്ജീകരണമൊരുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇനി മുതല്‍ സംസ്ഥാനങ്ങളുടെ അനുമതി കൂടി തേടണമെന്ന പുതിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി സുപ്രധാനമാണെന്നും സംസ്ഥാനങ്ങളുടെ ആശങ്ക വിമാനം ഏര്‍പ്പെടുത്തുന്നവര്‍ പരിഹരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
അതേസമയം, നാട്ടിലേക്കു വരുന്നവരില്‍ ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ ആ വിമാനത്തിലുള്ള എല്ലാവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്നും ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കുമെന്നും ഇങ്ങനെയൊരു സാഹചര്യ ത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും വെവ്വേറെ വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവച്ചത്.