കാസറഗോഡ് : മരുന്ന് വാങ്ങാന്‍ മുമ്പോക്കെ ആശുപത്രി വരെ പോണം. ഇപ്പോ ഇത്തിരി ദൂരം പോയാല്‍ നീലേശ്വരം ഹോമിയോ ആശുപത്രിക്കെതിരെയുള്ള വയോമിത്രം സെന്ററില്ലേ, അവിടെത്തിയാല്‍ അവര്‍ പരിേശാധിച്ച് മരുന്ന് തരും. പിന്നെ മരുന്ന് വാങ്ങാന്‍ വരുന്ന പണ്ട് കൂടെ പഠിച്ച കൂട്ടുകാരെ കണ്ട് ഇത്തിരി വിശേഷോം പറയാം.
വയോജനങ്ങള്‍ക്കായുള്ള വയോമിത്രം പദ്ധതിയെ ഏറ്റെടുത്ത 67 വയസുകാരന് രാഘവേട്ടന്റെ വാക്കുകളാണിത്. കൊറോണക്കാലത്തും വയോമിത്രത്തിലൂടെ കൃത്യമായി മരുന്നുകള്‍ ലഭിക്കുന്ന സന്തോഷത്തിലാണ് നീലേശ്വരത്തെ എറുവാട്ട് രാഘവന് നായര്‍. ഇതേ അനുഭവമാണ് നീലേശ്വരം തെരുവിലെ ചെന്തമല വീട്ടില്‍ വസുമതി അമ്മയ്ക്കും പറയാനുള്ളത്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കുന്ന വയോമിത്രം ക്ലിനിക്കുകള്‍ ഇവര്‍ക്ക് ഒത്തുകൂടാന്‍ ഒരു വേദികൂടിയാണ്
എ പി എല്‍ ബി പി എല്‍ വ്യത്യാസം ഇല്ലാതെ വയോമിത്രം സ്കീമില്‍ സേവനങ്ങള്‍ സൗജന്യം
സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്കി കൊണ്ട് ആരംഭിച്ച വയോമിത്രം പദ്ധതി ജില്ലയില്‍ മൂന്ന് നഗരസഭകളിലാണ് നടപ്പാക്കിയത്. 2011 ല്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ ആരംഭിച്ച പദ്ധതി ഇന്ന് കാഞ്ഞങ്ങാട്, നീലേശ്വരം മുന്‍സിപ്പാലിറ്റികളിലും വിജയകരമായി മുന്നോട്ട് പോകുന്നു. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളില്‍ 2000 ഓളം വയോജനങ്ങളും നീലേശരം നഗരസഭയില്‍ 1800 ഓളം വയോജനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കാണ് എ പി എല്‍ ബി പി എല്‍ വ്യത്യാസം ഇല്ലാതെ വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു തയ്യാറാക്കിയ വയോമിത്രം ഒ.പി ക്ലിനിക്കുകളില്‍ ജീവിത ശൈലിരോഗങ്ങളുടെ പരിശോധനയും ഇന്‍സുലിന്‍ അടക്കമുള്ള ആവശ്യമായ മരുന്നും സൗജന്യമായി നല്കുന്നു. കൂടാതെ വയോജനങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നു.
കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗുരുതര രോഗ ബാധിതരെ പാലിയേറ്റീവ് കെയര്‍ യൂണിറ്റികളി ലേക്ക് മാറ്റുക, വയോജനങ്ങളുടെ പുനരധിവാസം, സൗജന്യ നിയമ സഹായം തുടങ്ങിയ സേവനങ്ങളും പദ്ധതി യുടെ ഭാഗമായി നടപ്പാക്കുന്നു. സാമൂഹ്യ സുരക്ഷ മിഷന്റെ വിവിധ പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും 10 ലക്ഷം രൂപ വീതവും ഗ്രാമ പഞ്ചായത്തുകള്‍ അഞ്ച് ലക്ഷം രൂപ വീതവുമാണ് ഓരോ വര്‍ഷവും നീക്കിവെക്കുന്നത്.
മെഡിക്കല്‍ ടീം
കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, ജെ പി എച്ച് എന്‍ എന്നിവരടങ്ങുന്നതാണ് ഒരു വയോമിത്രം യൂണിറ്റ്. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ക്ലിനിക്കുകളില്‍ ദിവസേന സന്ദര്‍ശനം നടത്തുന്നത്. ഇവര്‍ 15 ദിവസത്തെ ഇടവേളകളില്‍ മാസത്തില്‍ രണ്ടു തവണ ഓരോ വയോമിത്രം ഒ പി യിലും എത്തുന്നു. ഓരോ സംഘവും ഒരു ദിവസം രണ്ട് ഒപി ക്ലിനിക്കുകളിലെത്തി ചികിത്സ നല്‍കും.
മനസിനും ആരോഗ്യം
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ഇതിനായി വയോജനക്ലബ്ബുകള്‍ രൂപീകരിച്ച് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍, സ്നേഹ സല്ലാപം, ദിനാചരണങ്ങള്‍, ജന്മദിനാഘോഷങ്ങള് സ്നേഹയാത്ര എന്നിവപോലുള്ള പ്രത്യേക വിനോദ പരിപാടികള്‍ മാനസിക ഉല്ലാസത്തിനായി സംഘടിപ്പിക്കുന്നു. ഇതിനു നേതൃത്വം നല്‍കുന്നത് വയോമിത്രം കോ-ഓര്‍ഡിനേറ്ററും ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുമാണ്.