കാസറഗോഡ് : ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന പേരില്‍ ഉറവിട നശീകരണ ക്യാമ്പയിനുകള്‍ ജൂണ്‍ 25 മുതല്‍ സംഘടിപ്പിക്കും.
റബ്ബര്‍, കവുങ്ങ്, പൈനാപ്പിള്‍, കൊക്കോ തോട്ടങ്ങള്‍ ഈഡീസ് കൊതുകിന്റെ വലിയ തോതിലുള്ള പ്രജനന ഉറവിട കേന്ദ്രങ്ങളാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. തോട്ടം ഉടമകള്‍, തൊഴിലാളികള്‍ എന്നിവരെ ചേര്‍ത്ത് പ്ലാന്റേഷന് കോര്പ്പറേഷന് പ്രതിനിധിയുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരം യോഗം ചേരണം.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടു തലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഈ ക്യാമ്പയിന് വിജയപ്രദമാക്കി തീര്‍ക്കുന്നതിന് തോട്ടം ഉടമകള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ വി അഭ്യര്‍ത്ഥിച്ചു.
ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 26 മുതല്‍ 30 വരെ ആറ് റവന്യു ബ്ലോക്കുകളിലും മൂന്നു നഗരസഭകളിലും ബ്ലോക്ക് /ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,നഗരസഭാ ചെയര്മാന്മാര് ,ആരോഗ്യകാര്യ സ്ഥിരം സമിതി അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.