തിരുവനന്തപുരം: ജൂൺ 25 മുതൽ 30 വരെ കേരളത്തിലേക്ക് എത്തുന്നത് 154 വിമാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 111 ചാർട്ടേർഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാർട്ട് ചെയ്തിട്ടുള്ളത്. 26 മുതൽ ഒരു ദിവസം 40, 50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് കൂടുതൽ വിമാനങ്ങൾ. എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. വിമാനത്താവളങ്ങളിൽ പ്രത്യേക ബൂത്തുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ചുമതലയുള്ളവർക്ക് വ്യക്തമായ മാർഗനിർദേശവും നൽകി.
ഇന്നലെ ഉച്ചവരെ (ജൂൺ 25) വിദേശത്തുനിന്ന് 98,202 പേർ കേരളത്തിലേക്ക് മടങ്ങിയെത്തി. അതിൽ 96,581 (98.35 ശതമാനം) പേർ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേർ കപ്പലുകളിലുമാണ് വന്നത്. തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. തിരികെ എത്തിയവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്.
താജികിസ്ഥാനിൽ നിന്നെത്തിയവരിൽ 18.18 ശതമാനവും റഷ്യയിൽനിന്ന് എത്തിയവരിൽ 9.72 ശതമാനവും നൈജീരിയയിൽ നിന്നെത്തിയവരിൽ 6.51 ശതമാനവും കുവൈത്തിൽ നിന്നെത്തിയവരിൽ 5.99 ശതമാനവും സൗദിയിൽ നിന്നെത്തിയവരിൽ 2.33 ശതമാനവും യുഎഇയിൽ നിന്നെത്തിയവരിൽ 1.6 ശതമാനവും ഖത്തറിൽ നിന്നെത്തിയവരിൽ 1.56 ശതമാനവും ഒമാനിൽ നിന്നെത്തിയവരിൽ 0.78 ശതമാനവുമാണ് കോവിഡ് ബാധിതർ.
പൊലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും ഇടപെടൽ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.