തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നത് വെള്ളപ്പൊക്കം ഒഴിവാക്കാൻ -മന്ത്രി ഇ.പി ജയരാജൻ

50

തിരുവനന്തപുരം: തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നത് കുട്ടനാട്ടിലും പരിസരത്തും വെള്ളപ്പൊക്കക്കെടുതിയ്ക്ക് ഇടവരുത്താനാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മണൽ അടിഞ്ഞുകൂടിയതിനാൽ നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് കുട്ടനാട്ടിലും പരിസര ത്തും വെള്ളപ്പൊക്കക്കെടുതിയ്ക്ക് ഇടവരുത്തുന്നു. ഈ ദുരിതം ഒഴിവാക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണമാണ് മണൽ നീക്കുന്നത്.

സംസ്ഥാനത്തിന്റെ സമ്പത്ത് സംരക്ഷിക്കുകയാണ് സർക്കാരിന്റെ ചുമതല. തോട്ടപ്പള്ളിയിൽ അടിഞ്ഞുകൂടിയ മണൽ ധാതുക്കൾ അടങ്ങിയതാണ്. കേന്ദ്ര നിയമപ്രകാരം ധാതുക്കൾ അടങ്ങിയ മണ്ണ് കൈകാര്യം ചെയ്യാൻ സർക്കാർ ഉടമസ്ഥതയിലോ, സർക്കാർ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങൾക്കു മാത്രമേ അനുമതിയുള്ളൂ. മറ്റാർക്കും ഈ മണൽ വാങ്ങാനുമാകില്ല. അതുപ്രകാരമാണ് കേന്ദ്രസർക്കാരിന് കീഴിലെ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐആർഇ), സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) എന്നീ സ്ഥാപനങ്ങൾക്ക് മണ്ണ് നീക്കാൻ അനുമതി നൽകിയത്.

ഇത് ഖനനപ്രവർത്തനമല്ല.2018 ലെ പ്രളയത്തിലും 2019 ലെ കാലവർഷക്കെടുതിയിലും കുട്ടനാടൻ പ്രദേശങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. വ്യാപക കൃഷിനാശം ഉൾപ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായി. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടതിനാലാണിതെന്ന് തെളിഞ്ഞു. എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനും ചെന്നൈ ഐ ഐ ടിയും നടത്തിയ പഠനങ്ങളിൽ സ്പിൽവേയിൽ അടിഞ്ഞ മണ്ണ് നീക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.

പൊഴി മുറിക്കുകയും മണൽനീക്കം ചെയ്യുകയും ചെയ്ത് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയാലേ വെള്ളപ്പൊക്കത്തിൽ നിന്ന് സമീപപ്രദേശങ്ങളെ രക്ഷിക്കാനാകു. ഇതിന് 2 ലക്ഷം ക്യുബിക്ക് മീറ്റർ മണ്ണ് നീക്കണം.

കഴിഞ്ഞ മാസമാണ് കെഎംഎംഎൽ തോട്ടപ്പള്ളിയിൽനിന്ന് മണൽ നീക്കാൻ തുടങ്ങിയത്. ഇത് ചോദ്യം ചെയ്ത് ചിലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി മണൽ നീക്കാൻ അനുമതി നൽകി. നിലവിൽ മണ്ണ് ഡ്രഡ്ജ് ചെയ്ത് സ്പിൽവേയുടെ വടക്കു ഭാഗത്തും തെക്കു ഭാഗത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. തെക്ക് ഭാഗത്തുനിന്ന് ഒന്നര ലക്ഷത്തോളം ടൺ മണ്ണ് മാറ്റിയപ്പോഴാണ് സമരങ്ങൾ ആരംഭിച്ചത്്. കരയിൽ കൂട്ടിയിട്ട മണ്ണ് മഴ കനത്താൽ കടലിലേക്ക് ഒഴുകിപ്പോകും. ഈ അമൂല്യ സമ്പത്ത് ഇത്തരത്തിൽ നഷ്ടമാകാൻ അനുവദിക്കില്ല.

വെള്ളപ്പൊക്ക പ്രതിരോധ നടപടികൾക്ക് തുരങ്കംവെച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് മണൽ നീക്കം തടയുന്നവരുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന് കിട്ടിയ സമ്പത്തായ കരിമണൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി നാടിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാക്കണം. കുടുതൽ ആളുകൾക്ക് ജോലി ലഭിക്കുന്ന സംരംഭങ്ങൾ നൽകി നാടിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്.

പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ഭൂമിയുടെ പേരിൽ ഉയർത്തുന്ന വിവാദം തികച്ചും അടിസ്ഥാനരഹിതമെന്നും മന്ത്രി പ്രതികരിച്ചു. പ്രദേശത്ത് കളിമൺ ഖനനം നടത്താനുള്ള ആവശ്യവുമായി വ്യവസായ വകുപ്പ് ഐ ടി വകുപ്പിനെ സമീപിച്ചിട്ടില്ല. അതിന് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS