കണ്‍വല്‍ഷന്‍ ഡിസോര്‍ഡറിനെ തോല്‍പ്പിച്ച മിടുക്കിക്ക് ഏഴ് എ പ്ലസ് – ഈ കയ്യടി അവളെ ചേര്‍ത്തു പിടിച്ച കൈകള്‍ക്ക്

56

കാസറഗോഡ് : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പ്ലസ്ടു റിസള്‍ട്ട് പുറത്തു വരുമ്പോള്‍ സര്‍ക്കാറിന് മധുര സമ്മാനം നല്‍കി യിരിക്കുകയാണ് ഒരു കാസര്‍കോട്ടുകാരി. കണ്‍വല്‍ഷന്‍ ഡിസോര്‍ഡറെന്ന വില്ലനെ പൊരുതി തോല്‍പ്പിച്ച് അവള്‍ ഏഴ് എ പ്ലസുകളോടെ ഉന്നത വിജയം നേടിയിരിക്കുന്നു. ക്ലാസില്‍ നിന്ന് ഇറങ്ങി ഓടുകയും അമാനുഷിക ശക്തി യോടെ ബഞ്ചും ഡസ്‌കും തള്ളിമാറ്റുയും, ബോധക്ഷയം ഉണ്ടാകുകയും ഒക്കെ നടന്നപ്പോഴും ആ കുഞ്ഞിനെ ചേര്‍ത്തു പിടിച്ച ഓരോരുത്തര്‍ക്കും അഭിമാനിക്കാം.

സ്‌കൂള്‍ അധ്യാപകര്‍ക്കും സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ക്കും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ഐ.സി.ഡി.എസിനും വിദ്യാഭ്യാസ വകുപ്പിനുമെല്ലാം ഇത് അഭിമാന മുഹൂര്‍ത്തമാണ്.

തന്റെ ജീവിതത്തില്‍ നിന്നും ഒരു വര്‍ഷക്കാലം ചികിത്സയ്ക്കായി നല്‍കിയെങ്കിലും ചികിത്സയ്ക്ക് ശേഷവും വില്ലനായെത്തിയ രോഗത്തെ ആ മിടുക്കി പിടിച്ചു കെട്ടി. അവള്‍ക്ക് ആത്മ ബലം നല്‍കി ചുറ്റുമുള്ളവരും ചേര്‍ന്നു നിന്നപ്പോള്‍ അത് വലിയ വിജയത്തിലേക്കുള്ള യാത്രയായി. ഇടയില്‍ വന്ന കോവിഡ് ലോക്ഡൗണിനിടയിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ തണലില്‍ അവള്‍ പരീക്ഷയെഴുതി. അവളോടൊപ്പം പരീക്ഷ എഴുതിയ ഒരു വയസ്സിന് ഇളയ സഹോദരന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

കാഞ്ഞങ്ങാട്ടെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചു വരുന്ന ഈ കുട്ടി ദീര്‍ഘകാല അവധിയിിലയിരുന്നു. സ്‌കൂളിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ടി.ജെ അനിത ഇടപെട്ട് പിന്നീട് കുട്ടിയുമായി സംസാരിച്ചപ്പോളാണ് മനസിലായത് കണ്‍വല്‍ഷന്‍ ഡിസോര്‍ഡറിന്റെ ആദ്യ എപ്പിസഡാണ് ഉണ്ടായതെന്നും മംഗലപുരത്തു നിന്ന് ചികിത്സ എടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അവധിയില്‍ പോയതെന്നും. പിന്നീട് അവര്‍ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടായിരുന്നു.

ഈ വര്‍ഷം പത്താം ക്ലാസ് എത്തിയ കുട്ടിയില്‍ തുടക്കം മുതല്‍ തന്നെ കണ്‍വല്‍ഷന്‍ ഡിസോര്‍ഡറിന്റെ എപ്പി സോഡുകള്‍ ഉണ്ടായി. വീണ്ടും ഇങ്ങനെ ഉണ്ടായതിന്റെ ഒരു കാരണം മംഗലാപുരത്ത് തുടങ്ങിയിരുന്ന ചികിത്സ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ തുടര്‍ന്നു ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടായിരുന്നു. കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിക്കുകയും ഡോ. സണ്ണി മാത്യുവിന്റ കീഴില്‍ തുടര്‍ന്നു ചികില്‍സ എടുക്കുകയും ചെയ്തു. സ്‌കൂളില്‍ നിന്ന് രോഗാവസ്ഥ ഉണ്ടായപ്പോഴെല്ലാം ജില്ലാശുപത്രിയെയും ഡോ. സണ്ണിയെയും ആശ്രയിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷ എഴുതുവാന്‍ അവള്‍ തയ്യാറല്ലായിരുന്നു.ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതറാണിയും കാഞ്ഞങ്ങാട് സി.ഡി.പി.ഒ സലീലയും വിഷയത്തില്‍ ഇടപെട്ടു. ഈ ദൗത്യത്തിലേക്കുള്ള എല്ലാ പിന്തുണയും പ്രോല്‍സാഹനവും ജില്ലാ ഓഫീസില്‍ നിന്നും കാഞ്ഞങ്ങാട് ഐസിഡിഎസ് ഓഫീസില്‍ നിന്നും നല്‍കി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇടപെട്ട് കുട്ടിക്ക് പരീക്ഷ എഴുതാന്‍ പ്രത്യേകം മുറി ഏര്‍പ്പാടാക്കി. നിലവില്‍ വീട്ടിലുള്ള സാഹചര്യത്തില്‍ പഠിക്കുവാനോ പരീക്ഷ എഴുതുവാനോ കുട്ടിയ്ക്ക് സാധിക്കുമായിരുന്നില്ല. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടേയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടേയും ഇടപെടലിനെ തുടര്‍ന്ന് സ്‌കൂളിന്റെ നാല് കിലോമീറ്റര്‍ പരിതിക്കുള്ളില്‍ സൗജന്യമായി ഒരു ക്വാര്‍ട്ടേര്‍സ് തയ്യാറാക്കി നല്‍കി.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സോഷ്യല്‍ വര്‍ക്കറും കൗണ്‍സിലറും സ്‌കൂള്‍ സന്ദര്‍ശിച്ച് കുട്ടിക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഉറപ്പു വരുത്തി. കുട്ടിക്ക് പരീക്ഷക്ക് എത്തുവാനും കഴിയുമ്പോള്‍ തിരിച്ചു പോകുവാനും ഉള്ള വാഹന സൗകര്യം സ്‌കൂളില്‍ നിന്നും ചെയ്തിരുന്നു. ഈ അവസരത്തില്‍ കോവിഡില്‍ കുരുങ്ങി പരീക്ഷകള്‍ മാറ്റിവെച്ചു. ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്നതിനിടെ കുട്ടി വീണ്ടും ഇറങ്ങി ഓടി. തുടര്‍ന്ന് കുട്ടിയേയും കുടുംബത്തേയും ക്വാര്‍ട്ടേഴ്‌സ് ഉടമ സ്വന്തം ഉത്തരവാദിത്തത്തില്‍ അവരുടെ വീട്ടിലേക്ക് എത്തിച്ചു.

പിന്നീട് വീട്ടില്‍ നിന്നുമാണ് പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് എത്തിയത്. എന്നാല്‍ മെയ് 26 ന് തുടങ്ങിയ പരീക്ഷയുടെ രണ്ടാം ദിവസം പരീക്ഷ കഴിയാനായ സമയത്ത് കുട്ടിയ്ക്ക് വീണ്ടും എപ്പിസോഡുണ്ടാവുകയും സ്‌കൂളില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. തുടര്‍ന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട കുട്ടി അവസാനത്തെ പരീക്ഷ എഴുതുന്നില്ല എന്ന് തിരുമാനിക്കുക ആയിരുന്നു. എന്നാല്‍ സ്‌കൂള്‍ പ്രധാന്യാപകനും കൗണ്‍സിലറും ചേര്‍ന്ന് സംസാരിച്ച് പരീക്ഷ എഴുതാന്‍ പ്രാപ്തയാക്കുക ആയിരുന്നു. അങ്ങനെ ആ കുഞ്ഞ് അവസാനത്തെ പരീക്ഷയും എഴുതി കഴിഞ്ഞപ്പോള്‍ ഏറ്റെടുത്ത ഒരു ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ശ്രമകരമായ വലിയൊരു ദൗത്യത്തിന്റെ ഒടുവിലെത്തുന്ന വിജയ മധുരം നുണയുകയാണ് ഇന്ന് ആ കുഞ്ഞിനെ കരുതലോടെ ചേര്‍ത്തു പിടിച്ച ഓരോരുത്തരും.

NO COMMENTS