ബെംഗളൂരു: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം പണം കൊള്ളയടിച്ചതായി ടെക്കിയുടെ പരാതി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലളിത് കുമാര്‍ യാദവ് എന്ന 23കാരനെ രണ്ട് പേര്‍ ചേര്‍ന്ന് കൊള്ളയടിച്ചത്. തുംകൂര്‍ റോഡിനടുത്ത് സിരയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യാദവിനെ സ്വിഫ്റ്റ് കാറിലെത്തിയ അക്രമികളാണ് ആക്രമിച്ചത്. സൗത്ത് ഈസ്റ്റ് ബെംഗളൂരു സ്വദേശിയാണ് കൊള്ളയടിക്കപ്പെട്ട ലളിത് കുമാര്‍ യാദവ്.കാറിന്റെ പിന്‍സീറ്റില്‍ ദമ്ബതികളെന്ന് തോന്നിയ സ്ത്രീയെയും പുരുഷനെയും കണ്ടത് കൊണ്ടാണ് താന്‍ കാറില്‍ കയറിയത് എന്നാണ് ലളിത് കുമാര്‍ യാദവ് പീനിയ പോലീസിനോട് പറഞ്ഞത്.താന്‍ കയറുമ്ബോള്‍ കാറില്‍ സ്ത്രീയും പുരുഷനും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നു. ഏതാനും സമയം കഴിഞ്ഞ് തുംകൂര്‍ റോഡില്‍വെച്ച് ഡ്രൈവര്‍ ഒരാളെക്കൂടി കാറില്‍ കയറ്റി. തുടര്‍ന്ന് ഹൈവേയില്‍ നിന്നും മാറി ഒരു ഷോര്‍ട്ട് കട്ടിലൂടെ കാറോടിച്ചു.
ഇത് ചോദ്യം ചെയ്ത ലളിത് കുമാര്‍ യാദവിനെ കാറില്‍ അവസാനം കയറിയ ആള്‍ ആക്രമിക്കുകയായിരുന്നു. കത്തി കാണിച്ച് പേഴ്സിലുണ്ടായിരുന്ന പണം തട്ടിയെടുത്ത ശേഷം ഇയാള്‍ ലളിത് കുമാര്‍ യാദവിനെ കാറില്‍ നിന്നും തള്ളി താഴെയിട്ടു. വൈകാതെ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും അക്രമികള്‍ കാറില്‍ നിന്നും താഴേക്ക് തള്ളിയിട്ടു. തുടര്‍ന്ന് സ്ത്രീയുമായി കടന്നുകളയുകയായിരുന്നു. സംഭവം നടന്ന് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും അക്രമികളെക്കുറിച്ച് പോലീസിന് ഒരു തുമ്ബും കിട്ടിയിട്ടില്ല.