ന്യൂഡല്‍ഹി • മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിക്കറ്റ് താരം ധോണിക്കെതിരെയുള്ള പരാതിയില്‍ ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. ഒരു മാസികയുടെ മുഖചിത്രത്തില്‍ മഹാവിഷ്ണുവായി ധോണി പ്രത്യക്ഷപ്പെട്ടതിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ് രാജന് ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണയ്ക്ക് ധോണി നേരിട്ടു ഹാജരാകണമെന്ന കീഴ്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14നാണ് ധോണിക്കെതിരെ ക്രിമിനില്‍ കേസ് നടപടികള്‍ ആരംഭിച്ചത്. മാസികയുടെ ചിത്രത്തില്‍ ധോണി മഹാവിഷ്ണുവായി കൈയിലേന്തുന്ന പല സാധനങ്ങളിലൊന്ന് ഒരു ഷൂസാണ്. ഈ ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരെമാത് ആണ് കേസ് നല്‍കിയത്.തുടര്‍ന്ന് ധോണിക്കെതിരെ ഐപിസി 295, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കോടതിയില്‍ നേരിട്ടു ഹാജരാകാനും കീഴ്കോടതി വിധിച്ചിരുന്നു.